ടെസ്റ്റിൽ 3000 റൺസെന്ന നാഴികക്കല്ല് രാഹുൽ ഇന്ന് മറികടന്നെങ്കിലും തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിന് പിന്നാലെ രാഹുൽ പുറത്താവുകയായിരുന്നു
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമായി. രോഹിത്തിൻ്റെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന ജസ്പ്രീത് ബുമ്ര ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ബാറ്റിങ് പ്രകടനം ഇന്ത്യ പെർത്തിലും ആവർത്തിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സ്കോർ: ഇന്ത്യ ഒന്നാമിന്നിങ്സ്, 72-5 (31.2 ഓവർ).
രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണറായെത്തിയ കെ.എൽ. രാഹുൽ (26) മാത്രമാണ് ഇന്ത്യക്കായി രണ്ടക്കം കടന്നത്. ടെസ്റ്റിൽ 3000 റൺസെന്ന നാഴികക്കല്ലും രാഹുൽ മറികടന്നെങ്കിലും തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിന് പിന്നാലെ രാഹുൽ പുറത്താവുകയായിരുന്നു. മിച്ചെൽ സ്റ്റാർക്കിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി താരത്തെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഓസീസ് താരങ്ങളുടെ അപ്പീലിങ്ങിനെ തുടർന്ന് അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. സ്റ്റാർക്ക് എറിഞ്ഞ 23ാം ഓവറിലെ രണ്ടാം പന്തിലാണ് രാഹുൽ മടങ്ങിയത്. അതേസമയം, രാഹുൽ റിവ്യൂവിൻ്റെ സഹായം തേടിയപ്പോൾ പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഈ തീരുമാനം വിവാദമായിട്ടുണ്ട്.
യശസ്വി ജയ്സ്വാളും (0), ദേവ്‌ദത്ത് പടിക്കലും (0), വിരാട് കോഹ്‌ലിയും (5), ധ്രുവ് ജുറേലും (11) നിരാശപ്പെടുത്തി. മികച്ച ഫോമിലുള്ള റിഷഭ് പന്തിലും (17) ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിലുമാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ. ജോഷ് ഹേസിൽവുഡും മിച്ചെൽ സ്റ്റാർക്കും രണ്ട് വീതം വിക്കറ്റെടുത്ത് മികച്ച തുടക്കം നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ തച്ചുടച്ചു.
ALSO READ: മെസ്സിപ്പടയെ കൊണ്ടുവരൽ അത്ര നിസ്സാരമല്ല; അർജന്റീനയുടെ ഫീസ് 36 കോടി, മൊത്തം ചെലവ് 100 കോടി!