ഓരോ വ്യക്തിക്കും സ്വന്തം രീതിയിൽ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും പോസ്റ്റിൽ പറയുന്നു
ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ്. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയിൽ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും പോസ്റ്റിൽ പറയുന്നു. എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെയാണ് നിർമാണ കമ്പനിയുടെ ഫേസ്ബുക് പോസ്റ്റ്.
സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്ന് നേരിടുന്നത്. ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസറും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും രംഗത്തെത്തിയതോടെ റീ സെന്‍സറിംഗ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായി. ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ചെയ്തത് പ്രധാനമായും 24 ഭാഗങ്ങളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി. ചിത്രത്തിലെ വില്ലന്റെ പേര് ബജ്റംഗി എന്നത് ബല്‍ദേവ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന സീനും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണവും സിനിമയില്‍ നിന്ന് ഒഴിവാക്കി. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യുകയും, നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് മാറ്റുകയും ചെയ്തിട്ടുണ്ട്.