പാൻ ഇന്ത്യൻ ചിത്രമെന്ന രീതിയിൽ വന്ന ചിത്രത്തിലെ, ഗുജറാത്ത് കലാപത്തെ സംബന്ധിച്ച റെഫറൻസുകളെ ചൊല്ലി സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.
മാർച്ച് 27നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ മലയാളത്തിലെ എക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന നിലയിൽ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ വാരത്തിലെ ഇന്ത്യൻ ബോക്സോഫീസിലെ കളക്ഷൻ 84.40 കോടി രൂപയാണ്.
ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 21 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. രണ്ടാം ദിനം 11.5 കോടി, മൂന്നാം ദിനം 13.25 കോടി, നാലാം ദിനം 13.65 കോടി, അഞ്ചാം ദിനം 11.15 കോടി, ആറാം ദിനം 8.55 കോടി, ഏഴാം ദിനം 5.5 കോടി എന്നിങ്ങനെയാണ് കളക്ഷൻ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എമ്പുരാൻ ആദ്യ പതിപ്പിന് 24 കട്ടുകൾ വരുത്തിയ ശേഷമുള്ള ആദ്യ ദിനമെന്ന രീതിയിൽ ബുധനാഴ്ചത്തെ ബോക്സോഫീസ് കളക്ഷനിൽ നേരിയ ഇടിവുണ്ടെന്നാണ് sacnilk.com എന്ന വെബ്സൈറ്റിൽ പറയുന്നത്. പാൻ ഇന്ത്യൻ ചിത്രമെന്ന രീതിയിൽ വന്ന ചിത്രത്തിലെ, ഗുജറാത്ത് കലാപത്തെ സംബന്ധിച്ച റെഫറൻസുകളെ ചൊല്ലി സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.
ഇതിന് പിന്നാലെ നടൻ മോഹൻലാൽ മാപ്പ് പറയുകയും, നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രസ്താവനപ്രകാരം 24 റീ എഡിറ്റുകൾ നടത്തുകയും ചെയ്തിരുന്നു. രണ്ട് മിനിറ്റോളമാണ് പുതിയ പതിപ്പിൽ കുറയുന്നത്. നേരത്തെ ചിത്രത്തിൻ്റെ ആഗോള കളക്ഷൻ ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ 200 കോടി കടന്നിരുന്നു. വിദേശ കളക്ഷനിൽ അതിവേഗം 100 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമായും ഈ മോഹൻലാൽ സിനിമ മാറിയിരുന്നു. ആദ്യ ഏഴ് ദിവസം കൊണ്ട് 250 കോടി എന്ന മാർജിനും സിനിമ പിന്നിട്ടിട്ടുണ്ട്.