ആദ്യ ടെസ്റ്റിൽ നേടിയ വിജയം തുടരാനാകുമെന്നാണ് രോഹിത് ശർമയും ഗംഭീറും വിശ്വസിക്കുന്നത്
വെള്ളിയാഴ്ച അഡ്‌ലെയ്‌ഡിൽ തുടങ്ങാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ മാറ്റങ്ങളുണ്ടാകുമെന്ന് സ്ഥിരീകരിച്ച് നായകൻ രോഹിത് ശർമ. യശസ്വി ജയ്സ്വാളിനൊപ്പം തൽക്കാലം ഓപ്പണറായി കെ.എൽ. രാഹുൽ തന്നെ തുടരുമെന്നാണ് രോഹിത് ശർമ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഓപ്പണിങ് കൂട്ടുകെട്ടിൻ്റെ മികവിലായിരുന്നു പെർത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വമ്പൻ ജയം നേടിയത്.
അതേസമയം, 2018ന് ശേഷം രോഹിത് ശർമ മധ്യനിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന സന്തോഷ വാർത്ത കൂടിയുണ്ട്. ഹിറ്റ്മാന് ടീമിനായി വലിയ സ്കോറുകൾ കണ്ടെത്താനാകുന്നില്ലെന്ന വിഷമം മാത്രമാണ് ടീമിനെ അലട്ടുന്നത്. നിർണായകമായ പരമ്പരയിൽ ബുമ്രയ്ക്ക് കീഴിൽ ആദ്യ ടെസ്റ്റിൽ നേടിയ വിജയം തുടരാനാകുമെന്നാണ് രോഹിത് ശർമയും ഗംഭീറും വിശ്വസിക്കുന്നത്. ആദ്യ ടെസ്റ്റിലെ ഗംഭീരവിജയം സന്ദർശകർക്ക് വലിയ ആത്മവിശ്വാസമേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
"കെ.എൽ. രാഹുൽ ഇന്നിങ്സ് ഓപ്പൺ ചെയ്യും. ഞാൻ മധ്യനിരയിൽ എവിടെയെങ്കിലും ബാറ്റ് ചെയ്യാനിറങ്ങും. എനിക്ക് ഇത് അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ ടീമിന് ഇപ്പോൾ വേണ്ടത് അതാണ്," രോഹിത് ശർമ ഓസ്ട്രേലിയൻ മാധ്യമങ്ങളോട് പറഞ്ഞു. "പെർത്ത് ടെസ്റ്റിൽ രാഹുൽ ബാറ്റ് ചെയ്ത രീതി താൻ വീട്ടിലിരുന്ന് കണ്ടതാണ്. പെർത്തിൽ ഏറ്റവും മികച്ച രീതിയിലാണ് രാഹുൽ ബാറ്റ് ചെയ്തത്. അതുകൊണ്ട് ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒരു മാറ്റത്തിന്റെ ആവശ്യമില്ല. ചിലപ്പോൾ ഭാവിയിലൊരു മാറ്റം വന്നേക്കാം. വിദേശ പിച്ചുകളിൽ രാഹുൽ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ ഇന്ത്യൻ ടീമിൻ്റെ ഓപ്പണിങ് സ്ഥാനം രാഹുൽ അർഹിക്കുന്നുണ്ട്.' രോഹിത് ശർമ പറഞ്ഞു.
2013ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെ മധ്യനിര ബാറ്ററായായിരുന്നു രോഹിത് ശർമയുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ തന്നെ 177 റൺസുമായി ഹിറ്റ്മാൻ തിളങ്ങുകയും ചെയ്തു. കരിയറിൻ്റെ ആദ്യ ആറ് വർഷങ്ങളിൽ അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്ത താരം 27 മത്സരങ്ങളിൽ നിന്ന് 39.62 ശരാശരിയിൽ 3 സെഞ്ചുറികൾ അടക്കം 1585 റൺസ് നേടി. പിന്നീട് ഓപ്പണറായി തിളങ്ങിയ രോഹിത് 37 മത്സരങ്ങളിൽ നിന്ന് 44.01 ശരാശരിയിൽ 2685 റൺസും നേടി. ഇതിൽ 9 ടെസ്റ്റ് സെഞ്ചുറികളും ഉൾപ്പെടുന്നുണ്ട്.
മികച്ച പേസും ബൗൺസും ലഭിക്കുന്ന പെർത്തിലെ വെല്ലുവിളിയുയർത്തുന്ന പിച്ചിൽ ആദ്യ ഇന്നിങ്സിൽ 26 റൺസും രണ്ടാമിന്നിങ്സിൽ 77 റൺസും രാഹുൽ അടിച്ചെടുത്തിരുന്നു. സെക്കൻഡ് ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിനൊപ്പം 201 റൺസിന്റെ അവിശ്വസനീയമായ കൂട്ടുകെട്ട് ഉണ്ടാക്കാനും രാഹുലിനായി. പെർത്തിലെ മികവ് അഡ്‌ലെയ്‌ഡിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും രാഹുലിന് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.
രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. പരുക്കേറ്റ് പുറത്തായ ജോഷ് ഹേസൽവുഡിന് പകരം സ്കോട്ട് ബോളണ്ടിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 18 മാസത്തിന് ശേഷമാണ് ബോളണ്ട് ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാനൊരുങ്ങുന്നത്. ടീമിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ മത്സരത്തിന് ശേഷം ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മിച്ചൽ മാർഷ് ടീമിലുണ്ട്.
രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീം:
ഉസ്മാൻ ഖ്വാജ, നഥാൻ മക്സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് ക്യാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.