
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണൽ പാർട്ടി അധ്യക്ഷയുമായ ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ 17 വർഷത്തിന് ശേഷം പുനഃസ്ഥാപിച്ചു. നാഷണൽ ബോർഡ് ഓഫ് റവന്യു (എൻ.ബി.ആർ) ഇത് സംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് നൽകി.
2007ലാണ് രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. എൻ.ബി.ആറിൻ്റെ സെൻട്രൽ ഇൻ്റലിജൻസ് സെല്ലിൻ്റെ നിർദേശപ്രകാരമായിരുന്നു നടപടി. അന്നത്തെ കരസേനയുടെ പിന്തുണയുള്ള താൽക്കാലിക സർക്കാറിൻ്റെ കാലത്ത് രൂപീകരിച്ച സമിതിയുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻ.ബി.ആർ ബാങ്കുകൾക്ക് നിർദേശം നൽകിയതെന്ന് എൻ.ബി.ആറിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മരവിപ്പിക്കൽ പിൻവലിക്കണമെന്ന് പല തവണ ബംഗ്ലാദേശ് നാഷണൽ പാർട്ടി ആവശ്യമുന്നയിച്ചിരുന്നു.
1991 മാർച്ച് മുതൽ 1996 മാർച്ച് വരെയും, 2001 ജൂൺ മുതൽ 2006 ഒക്ടോബർ വരെയും രണ്ട് തവണയാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രസിഡൻ്റായത്. പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ രാജിക്കു പിന്നാലെയാണ് ഖാലിദ സിയയെ ജയിൽ മോചിതയാക്കിയത്. ബംഗ്ലാദേശിൽ ഉയർന്നുവന്ന വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് അവാമി ലീഗിൻ്റെ പതിനഞ്ച് വർഷത്തെ ഭരണത്തിന് അന്ത്യമായത്. നൊബേൽ ജേതാവ് മുഹമ്മദ് യൂനിസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഇപ്പോൾ ബംഗ്ലാദേശിൽ ഭരണം ഏറ്റെടുത്തത്.