ഹസീനയുടെ രാജിക്ക് പിന്നാലെ ജയിൽ മോചിതയായ ഖാലിദ സിയ തൻ്റെ ആരോഗ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർഥിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ രാജ്യത്തെ വിദ്യാർഥികളെ പ്രശംസിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ബീഗം ഖാലിദ സിയ. നമ്മുടെ ധീരരായ കുട്ടികളുടെ പരിശ്രമത്തിലൂടെ രാജ്യം വിമോചിതമായെന്നായിരുന്നു ആശുപത്രി കിടക്കയിൽ നിന്നുള്ള മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഹസീനയുടെ രാജിക്ക് പിന്നാലെ ജയിൽ മോചിതയായ ഖാലിദ സിയ തൻ്റെ ആരോഗ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർത്ഥിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞു.
ALSO READ: വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചു; ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാകാന്‍ നോബേല്‍ ജേതാവ് ഡോ. മുഹമ്മദ് യൂനസ്
"ഈ വിജയം നമ്മളെ ഒരു പുതിയ തുടക്കത്തിലേക്കെത്തിച്ചിരിക്കുകയാണ്. ജനാധിപത്യത്തിൻ്റെ ദീർഘകാല അവശിഷ്ടങ്ങളിൽ നിന്ന് കുന്നുകൂടിയ ഈ അഴിമതിയിൽ നിന്നും മാറി നമുക്ക് ഒരു പുതിയ സമ്പന്നമായ ബംഗ്ലാദേശ് കെട്ടിപ്പടുക്കണം. വിദ്യാർഥികളും യുവാക്കളും നമ്മുടെ ഭാവിയാണ്. അവർ ജീവരക്തം നൽകിയ സ്വപ്നങ്ങൾക്ക് ഞങ്ങൾ ജീവൻ നൽകും" ഖാലിദ സിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറയുന്നു.
അസാധ്യമായ ഇക്കാര്യം സാധ്യമാക്കാൻ മരണം വരെ പോരാടിയ ധീരരായ കുട്ടികൾക്ക് ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നെന്നും പ്രതിഷേധത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്നും മുൻ പ്രധാനമന്ത്രി കൂട്ടിചേർത്തു.
ALSO READ: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശ് ജനത തിരസ്ക്കരിക്കുമ്പോള്‍...
അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെയാണ് 2018ൽ ഖാലിദ സിയ ജയിലിലായത്. 2018ൽ തടവിലായതിന് ശേഷം സിയക്ക് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ നില തകര്‍ന്ന സിയ ശിക്ഷാ കാലാവധിയുടെ ഭൂരിഭാഗവും ആശുപത്രിയിലാണ് കഴിച്ചുകൂട്ടിയത്. ഷെയ്ഖ് ഹസീനയെ പുറത്താക്കി മണിക്കൂറുകൾക്ക് ശേഷം തന്നെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ തലവനായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിരുന്നു.
അതേസമയം ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലയെന്നും രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നും മകന്‍ സജീബ് വസീദ് പറഞ്ഞു. ഹസീനയ്ക്ക് അഭയം നല്‍കുന്നതില്‍ യുകെ നിശബ്ദത തുടരുന്നതിലും യുഎസ് വിസ തള്ളിയതിലും പ്രതികരിക്കുകയായിരുന്നു സജീബ് . 76 വയസ്സുള്ള ഹസീന ഇനിയുള്ള സമയം കുടുംബവുമായി ഒന്നിച്ച് കഴിയുമെന്ന് മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 24 മണിക്കൂറിനു മുകളിലായി ഹസീന ഇന്ത്യയില്‍ തങ്ങുകയാണ്.