ആദ്യം അനായാസമെന്ന് തോന്നിപ്പിച്ച 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 14 ഓവറുകൾ ബാക്കിനിൽക്കെ 139 റൺസിന് പുറത്തായി
എസിസി അണ്ടർ 19 പുരുഷന്മാരുടെ ഏഷ്യാ കപ്പ് കിരീടം നിലനിർത്തി ബംഗ്ലാ കടുവകൾ. ഞായറാഴ്ച ദുബായിൽ നടന്ന കലാശപ്പോരിൽ 59 റൺസിനാണ് നിലവിലെ ജേതാക്കളായ ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഹമ്മദ് ഷിഹാബ് ജെയിംസ് (40), റിസാൻ ഹൊസൻ (47), ഫരീദ് ഹസൻ (39) എന്നിവരുടെ ബാറ്റിങ് മികവിൽ 198 റൺസെടുത്തു. ആദ്യം അനായാസമെന്ന് തോന്നിപ്പിച്ച 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 14 ഓവറുകൾ ബാക്കിനിൽക്കെ 139 റൺസിന് പുറത്തായി.
ALSO READ: മൂന്ന് സിക്സും മൂന്ന് ഫോറും; രാജസ്ഥാൻ്റെ 13കാരൻ യുവതാരം ഒരോവറിൽ അടിച്ചെടുത്തത് 31 റൺസ്!
അമൻ (26), ഹർദിക് രാജ് (24), കെ.പി. കാർത്തികേയ (21), സി. ആന്ദ്രെ സിദ്ധാർഥ് (20) എന്നിവർ മാത്രമാണ് ഇന്ത്യൻ ഇന്നിങ്‌സിൽ രണ്ടക്കം കടന്നത്. ഇന്ത്യൻ നിരയിൽ ആറ് ബാറ്റർമാർക്കും രണ്ടക്കം കടക്കാനായില്ല. ബംഗ്ലാദേശിനായി ഇഖ്ബാൽ ഹുസൈൻ ഇമോണും അസീസുൽ ഹക്കിമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.