അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവിൻ്റെ പ്രതിഷേധം
തമിഴ്നാട്ടിൽ ഡിഎംകെ ഭരണം അവസാനിക്കാതെ ഇനി ചെരുപ്പിടില്ലെന്ന ശപഥവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിക്കൊണ്ടായിരുന്നു അണ്ണാമലൈ പ്രഖ്യാപനം നടത്തിയത്. നാളെ മുതൽ 48 ദിവസത്തേക്ക് വീടിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും സ്വയം ആറ് തവണ ചാട്ടവാറടി ഏറ്റുവാങ്ങുമെന്നും അണ്ണാമലൈ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവിൻ്റെ പ്രതിഷേധം. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെ സർക്കാരിൻ്റെ കീഴിൽ തമിഴ്നാട് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലവും, കുറ്റവാളികളുടെ സങ്കേതവുമായി മാറി. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാൻ ഭരണകൂടം പൊലീസിനെ ഉപയോഗിക്കുന്നതിനാൽ, സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ബിജെപി നേതാവ് എക്സിൽ കുറിച്ചു.
ലൈംഗികാതിക്രമക്കേസിലെ എഫ്ഐആർ എങ്ങനെയാണ് പുറത്തായതെന്നായിരുന്നു അണ്ണാമലൈയുടെ ചോദ്യം. എഫ്ഐആറിൽ ഇരയെ മോശമായാണ് വിവരിച്ചിരിക്കുന്നത്. ഇതിൽ പൊലീസും ഡിഎംകെയും ലജ്ജിക്കണം. നിർഭയ ഫണ്ട് എവിടെപ്പോയെന്നും എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ സിസിടിവി ക്യാമറ ഇല്ലാത്തതെന്നും അണ്ണാമലൈ ചോദിച്ചു. പ്രതിക്ക് ഡിഎംകെയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കളും പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് അണ്ണാമലൈ പുറത്തുവിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥി പീഡിപ്പിക്കപ്പെടുന്നത്. ക്രിസ്‌മസിനോടനുബന്ധിച്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും ആൺസുഹൃത്തിനൊപ്പം നടന്നു പോകവേ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് ഇവരെ തടഞ്ഞെന്നും, സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷം കുറ്റിക്കാട്ടില്‍ വച്ച് അതിക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് വിദ്യാർഥിനിയുടെ മൊഴി. പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ച് ചെന്നൈ പൊലീസ് അറിയിച്ചിരുന്നു.