കർണ്ണാടകയിലെ കോൺഗ്രസിൻ്റെ ഗ്യാരൻ്റി വാഗ്ദാനങ്ങൾ പൊള്ളയായിരുന്നെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതായും ഹിമാചൽ പ്രദേശിലും വ്യാജ വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി
കോൺഗ്രസുകാർ ജനങ്ങൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്നവരാണെന്ന് ബിജെപി. ഹിമാചൽ പ്രദേശിലും കർണ്ണാടകയിലും തെലങ്കാനയിലും വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
ജാർഖണ്ഡ് , മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വോട്ടർമാർക്ക് നൽകുന്ന വാഗ്‌ദാനങ്ങളെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്നതായിരിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയെ രവിശങ്കർ പ്രസാദ് പരിഹസിച്ചു. ഖർഗെ പറഞ്ഞത് രാഹുൽ അറിഞ്ഞോ എന്നും, കർണ്ണാടകയിലും തെലങ്കാനയിലും കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ എന്തായി എന്ന് രവിശങ്കർ പ്രസാദ് ചോദ്യം ഉന്നയിച്ചു.
ALSO READ: ബാല്‍ താക്കറെ ഉയര്‍ത്തിക്കെട്ടിയ കൊടിയും പിന്‍ഗാമികളുടെ തമ്മിലടിയും
കർണ്ണാടകയിലെ കോൺഗ്രസിൻ്റെ ഗ്യാരൻ്റി വാഗ്ദാനങ്ങൾ പൊള്ളയായിരുന്നെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതായും ഹിമാചൽപ്രദേശിലും വ്യാജ വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. ഖർഗെയ്ക്ക് ഇപ്പോൾ ബോധമുണ്ടായത് നല്ല കാര്യമാണെന്നും ഈ തുറന്ന് പറച്ചിൽ രാഹുലിനെ മനസിലാക്കാൻ ഖർഗെയ്ക്ക് കഴിയണമെന്നും ബിജെപി ആവശ്യപ്പെട്ടു. കോൺഗ്രസിൻ്റെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനമെന്തെന്ന് ബിജെപി നേതാവ് ചോദിച്ചു. വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്ന ഖർഗെയും രാഹുലും രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.