നഗരസഭയില്‍ ബിജെപിക്ക് വോട്ട് ചോർച്ചയുണ്ടായിട്ടില്ലെന്നും ചെയർപേഴ്‌സണ്‍ അറിയിച്ചു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്ക് കാരണം നഗരസഭയുടെ മോശം പ്രവർത്തനമാണെന്ന ആരോപണത്തിനെതിരെ പ്രതികരിച്ച് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ. നഗരസഭയില്‍ ബിജെപിക്ക് വോട്ട് ചോർച്ചയുണ്ടായിട്ടില്ലെന്നും സ്ഥാനാർഥി നിർണയത്തില്‍ പാളിച്ച സംഭവിച്ചതായും ചെയർപേഴ്‌സണ്‍ അറിയിച്ചു.
"നഗരസഭ പരിധിയില്‍ ലോക്സഭ ഇലക്ഷന് 29,000 വോട്ട് കിട്ടി. ഇപ്പോള്‍ എംഎല്‍എ ഇലക്ഷനില്‍ 27500 വോട്ടാണ് ഇവിടെ കിട്ടിയത്. അതില്‍ 1,500 വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്. ഇ. ശ്രീധരന്‍റെ വോട്ട് കൃഷ്ണകുമാറിന് ലഭിക്കില്ല. മെട്രോ ശ്രീധരന്‍ ഇന്ത്യയില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ വോട്ട് കൃഷ്ണകുമാറിനു ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിനു കിട്ടിയ വോട്ടായിരുന്നു അത്", പ്രമീള പറഞ്ഞു.
ബിജെപിക്കായി പ്രചരണത്തിന് നഗരസഭ കൗണ്‍സിലർമാർ പ്രവർത്തിച്ചുവെന്നും പ്രമീള ശശിധരന്‍ വ്യക്തമാക്കി. നഗരസഭയിലെ ബിജെപിയുടെ എല്ലാ ജനപ്രതിനിധികളും അഞ്ചും ആറും പ്രാവശ്യം അവരുടെ വാർഡുകളില്‍ വോട്ട് ചോദിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിനു ശേഷം നിറഞ്ഞ മനസോടെയാണ് കൃഷ്ണകുമാറിനൊപ്പം പ്രവർത്തിച്ചതെന്നും പ്രമീള പറഞ്ഞു. ജനങ്ങള്‍ വിധിയെഴുതിയതിന് 'അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്' എന്ന് പറയുന്നതു പോലെ വിമർശനം ഉന്നയിച്ചിട്ടു കാര്യമില്ല. ജനങ്ങള്‍ പ്രതികരിച്ചു എന്നാണ് പറയാനുള്ളതെന്നും പ്രമീള കൂട്ടിച്ചേർത്തു.
Also Read: സുരേന്ദ്രൻ്റെ യുക്തിരഹിതമായ നിലപാടുകൾ രാഹുലിൻ്റെ വിജയത്തിന് സഹായകരമായി, മുഖ്യമന്ത്രിയുടെ ഭാഷ ബിജെപിയുടേത്: ഷാഫി പറമ്പില്‍
തുടക്കത്തിൽ സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തെ എതിർത്തിരുന്നു എന്ന് പ്രമീള ശശിധരൻ. എതിർപ്പുണ്ടെന്ന് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചിരുന്നെന്നും എന്നാൽ കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും പ്രമീള ന്യൂസ് മലയാളത്തോട് പറഞ്ഞു.
"എംപി ഇലക്ഷന്‍ സമയത്ത് കൃഷ്ണകുമാറിനു വേണ്ടി വോട്ട് ചോദിച്ച് ചെന്നപ്പോള്‍ ഒരുപാട് ജനങ്ങള്‍ ഇവിടെ കൃഷ്ണകുമാർ മാത്രമേയുള്ളോ എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ പ്രാവശ്യം സ്ഥാനാർഥി നിർണയത്തില്‍ വലിയ പാളിച്ച സംഭവിച്ചു എന്നു തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. ഇന്ന സ്ഥാനാർഥി വേണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എപ്പോഴും കൃഷ്ണകുമാർ എന്ന് പറയുമ്പോള്‍ ജനങ്ങളോട് ചോദിക്കാന്‍ മടിയുണ്ട്, അവരുടെ പ്രതികരണവും അതുതന്നെയാണ്", പ്രമീള പറഞ്ഞു.
Also Read: പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ രാജിവെയ്‌ക്കാനൊരുങ്ങി കെ. സുരേന്ദ്രന്‍; തള്ളി കേന്ദ്ര നേതൃത്വം
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ രാജി അഭ്യൂഹങ്ങൾ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ തള്ളി. ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടർന്നാണ് കെ. സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചത്. ആരുടെയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ജാവ്ദേക്കർ എക്സിൽ പോസ്റ്റ് ചെയ്തു. എൽഡിഎഫും യുഡിഎഫും കുപ്രചാരണം നടത്തുന്നതായും പ്രകാശ് ജാവ്ദേക്കർ കൂട്ടിച്ചേർത്തു.