സ്കോര്‍ ഇന്ത്യ 150, ആറിന് 487 ഡിക്ലയേഡ്, ഓസ്ട്രേലിയ 104, 238
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ചരിത്രജയം സ്വന്തമാക്കി ഇന്ത്യ. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ, ഓസീസിനെ എറിഞ്ഞിട്ടും രണ്ടാം ഇന്നിങ്സില്‍ അടിച്ചുപരത്തിയുമാണ് ജയം പിടിച്ചടക്കിയത്. 295 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഓസ്ട്രേലിയയില്‍ നേടുന്ന എക്കാലത്തെയും വലിയ ജയമാണിത്. അതേസമയം, പെര്‍ത്തില്‍ ആദ്യമായാണ് ഓസ്ട്രേലിയ ഒരു ടെസ്റ്റ് മത്സരം തോല്‍ക്കുന്നത്. ഇതിനു മുമ്പ് നടന്ന നാല് മത്സരങ്ങളും ഓസീസാണ് ജയിച്ചത്. സ്കോര്‍ ഇന്ത്യ 150, ആറിന് 487 ഡിക്ലയേഡ്, ഓസ്ട്രേലിയ 104, 238. ഇതോടെ, അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
ആദ്യ ഇന്നിങ്സില്‍ 150 റണ്‍സിന് എല്ലാവരും പുറത്തായ ഇന്ത്യ, ഓസീസിനെ 104 റണ്‍സിന് എറിഞ്ഞുവീഴ്ത്തി. ബൂമ്ര അഞ്ച് വിക്കറ്റും, ഹര്‍ഷിത് റാണ മൂന്നും, സിറാജ് രണ്ട് വിക്കറ്റും നേടി. രണ്ടാം ഇന്നിങ്സില്‍ കരുതലോടെ കളിച്ച ഇന്ത്യക്കുവേണ്ടി യശസ്വി ജയ്സ്വാള്‍ (161), വിരാട് കോഹ്‍ലി (പുറത്താകാതെ 100), കെ.എല്‍ രാഹുല്‍ (77) എന്നിവര്‍ മികച്ച സ്കോര്‍ കുറിച്ചു. വാഷിങ്ടണ്‍ സുന്ദറും (29), നിതീഷ് റെഡ്ഡിയും (പുറത്താകാതെ 38) മികച്ച പിന്തുണ നല്‍കിയ മത്സരത്തില്‍ കൂറ്റന്‍ ടോട്ടല്‍ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ തുടക്കം തന്നെ പാളി. മൂന്ന് വിക്കറ്റിന് 12 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി അവസാനിപ്പിച്ച ഓസീസിന് നാലാം ദിനത്തിന്റെ തുടക്കത്തില്‍, സ്കോര്‍ 17ല്‍ എത്തിയപ്പോള്‍ തന്നെ അടുത്ത വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നാലെ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ഓസീസ് ഇന്നിങ്സിന് താളം കണ്ടെത്തി. എന്നാല്‍ ഇരുവരുടെയും വിക്കറ്റ് പോയതോടെ, ഓസീസ് വീണ്ടും പതറി. പിന്നാലെയെത്തിയവര്‍ക്കൊന്നും മത്സരം തിരിച്ചുപിടിക്കാനായില്ല.
ബൂമ്രയുടെയും സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യ ബൗളിങ് നിര ഓസീസിനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകായിരുന്നു. നാല് പന്ത് നേരിട്ട ഓപ്പണര്‍ നഥാന്‍ മക്‌സീനിയെ ബൂമ്ര പൂജ്യത്തിന് വിക്കറ്റിനു മുന്നില്‍ കുരുക്കി. 13 പന്തില്‍ നാല് റണ്‍സെടുത്ത ഉസ്‌മാന്‍ ഖ്വാജയെ സിറാജ് പന്തിന്റെ കൈയില്‍ എത്തിച്ചു. പാറ്റ് കമ്മിന്‍സിനെ (2) സിറാജിന്റെ പന്തില്‍ കോഹ്ലി ക്യാച്ചെടുത്ത് പുറത്താക്കി. മാര്‍നസ് ലബുഷയ്നിനെ (3) ബൂമ്ര വിക്കറ്റിനു മുന്നില്‍ കുരുക്കി, സ്റ്റീവന്‍ സ്മിത്തും (13), ട്രാവിസ് ഹെഡും (89) ബ്രൂമയുടെ പന്തില്‍ പന്തിന് ക്യാച്ച് കൊടുത്തു മടങ്ങി. നിതീഷ് റെഡ്ഡി മിച്ചല്‍ മാര്‍ഷിന്റെ (47) വിക്കറ്റ് തെറിപ്പിച്ചു. വിക്കറ്റ് കീപ്പര്‍ അലെക്സ് കാരിയെ (36) ഹര്‍ഷിത് റാണയും, മിച്ചല്‍ സ്റ്റാര്‍ക്ക് (12), നഥാന്‍ ലിയോണ്‍ (0) എന്നിവരെ വാഷിങ്ടണ്‍ സുന്ദറും പുറത്താക്കി. ഇതോടെ, ഓസീസ് ഇന്നിങ്സ് 238ല്‍ അവസാനിച്ചു. ജോഷ് ഹേസല്‍വുഡ് നാല് റണ്‍സുമായി പുറത്താകാതെ നിന്നു. ബൂമ്രയും സിറാജും മൂന്ന് വിക്കറ്റം വീതം വീഴ്ത്തി. സുന്ദര്‍ രണ്ടും റാണയും നിതീഷ് റെഡ്ഡിയും ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡ് ഓവലിലാണ് രണ്ടാമത്തെ മത്സരം.