പാലക്കാട്ടെ തോൽവിക്ക് പിന്നിൽ വി. മുരളീധരനാണെന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നവർ പറയുന്നത്
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ബി.എൽ. സന്തോഷ് എന്നിവരെ ഇക്കാര്യം അറിയിച്ചു. എന്നാല്‍ കേന്ദ്രം ഇത് തള്ളിയതായാണ് പുറത്തുവരുന്ന വിവരം. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്താണ് സുരേന്ദ്രൻ രാജിവെയ്‌ക്കാന്‍ തീരുമാനിച്ചത്. പാലക്കാട്ടെ തോൽവിയും നിലവിലെ സംഘടന പ്രശ്നങ്ങളും കേന്ദ്ര നേതൃത്വം പരിശോധിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഗ്രൂപ്പ് സമവാക്യം മാറുകയാണ്. വി. മുരളീധരന്‍ പക്ഷത്ത് കടുത്ത ഭിന്നതയാണുള്ളത്. പാലക്കാട്ടെ തോൽവിക്ക് പിന്നിൽ വി. മുരളീധരനാണെന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. മുരളീധരന്‍റേത് സംസ്ഥാന പ്രസിഡൻറ് ആകാനുള്ള നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്.
കേരള നിയമസഭയിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിക്ക്, പാലക്കാട് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ പാലക്കാട്ടെ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. 2016ൽ 40,000 വോട്ടിന് മുകളിൽ നേടി പാർട്ടിയെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തിച്ച ശോഭ സുരേന്ദ്രൻ ഇത്തവണ മത്സരിച്ചിരുന്നെങ്കിൽ വിജയം ഉറപ്പാണെന്ന് തന്നെ നേതാക്കൾ കരുതുന്നു. ശോഭയ്ക്ക് തടയിട്ടത് കെ.സുരേന്ദ്രനാണെന്ന് സൂചിപ്പിച്ചാണ് ഇപ്പോഴുയരുന്ന വിമർശനം. ക്രൗഡ് പുള്ളറായ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് തുടക്കം മുതൽ ആവശ്യമുന്നയിച്ച ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജനടക്കം കെ.സുരേന്ദ്രനെ ലക്ഷ്യമിട്ട് രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ദ്രവിച്ച മേൽക്കൂരയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നായിരുന്നു ശിവരാജൻ്റെ പക്ഷം. ശോഭ സുരേന്ദ്രനോ, കെ സുരേന്ദ്രനോ, മുരളീധരനോ മത്സരിച്ചിരുന്നെങ്കിൽ ചരിത്രം മാറുമായിരുന്നു എന്നും എന്‍. ശിവരാജന്‍ പറഞ്ഞു.
Also Read: ബിജെപി നശിക്കുന്നതിൽ നേതൃസ്ഥാനത്തിലുള്ള മുഴുവൻ പേർക്കും പങ്കുണ്ട്, ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണം: വിഷ്ണുപുരം ചന്ദ്രശേഖരൻ
ശിവരാജന് പിന്നാലെ തോൽവിയുടെ പഴി മുഴുവൻ കെ.സുരേന്ദ്രൻ്റെ തലയിൽ ചാരിയായിരുന്നു മുന്‍ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന പ്രസിഡൻ്റിനോട് ചോദിക്കണമെന്നും, എല്ലാത്തിനും അദ്ദേഹം മറുപടി നൽകുമെന്നുമായിരുന്നു മുരളീധരൻ്റെ നിലപാട്. കേരളത്തിലെ ബിജെപി, കടിഞ്ഞാൺ ഇല്ലാത്ത കുതിരയെന്നായിരുന്നു എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ വിമർശനം. ബിജെപി നശിക്കുന്നതിൽ നേതൃസ്ഥാനങ്ങളിലുള്ള മുഴുവൻ പേർക്കും പങ്കുണ്ടെന്നും വിമർശനമുണ്ട്. ആർഎസ്എസ് നിയന്ത്രണം ഏറ്റെടുത്ത് ഇത്തിൾ കണ്ണികളെ എല്ലാം പറിച്ചെറിയണമെന്നും ചന്ദ്രശേഖരൻ ഫെയ്സ്ബുക്കിൽ തുറന്നെഴുതി. എന്‍ഡിഎയിലെ പ്രമുഖരും എന്നും സംരക്ഷിച്ചു നിർത്തിയ വി. മുരളീധരനും കൂടി കൈവിട്ടതോടെയാണ് രാജി സന്നദ്ധതയുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.
Also Read: 'ബിജെപിയുടെ മേൽക്കൂര ദ്രവിച്ചു'; പാലക്കാട് സ്ഥാനാർഥി നിർണയം മുതൽ താളം തെറ്റിയെന്ന് ദേശീയ കൗൺസിൽ അംഗം