ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു
കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി. ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയ വിമർശനം ശരിവെച്ചു കൊണ്ടായിരുന്നു പി.പി. ദിവ്യക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം.
"ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ പരാതി പറയേണ്ട സ്ഥലത്ത് പി.പി. ദിവ്യ കാര്യങ്ങൾ പറഞ്ഞില്ല. ക്ഷണിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങൾ പറഞ്ഞത് ശരിയായില്ല," മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ജില്ലാ സെക്രട്ടറി പി. മോഹനനെതിരെ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു. മെക് സെവനിൽ അനാവശ്യ വിവാദം വിളിച്ചുവരുത്തി. മെക് സെവനുമായി ബന്ധപ്പെട്ട് പാർട്ടി ഘടകങ്ങളിൽ ആലോചിച്ച് ചർച്ചചെയ്ത് പൊതുവേദികളിൽ അഭിപ്രായം പറയാമായിരുന്നു എന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു.
ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും വിമർശനമുയർന്നു. പ്രവർത്തന റിപ്പോർട്ടിലും പൊതു ചർച്ചയിലും എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും വിമർശനമുണ്ടായി. പ്രക്ഷോഭ സമര പരിപാടികൾ ഏറ്റെടുക്കാതെ ചാരിറ്റി സംഘടനകളായി മാറുന്നു, ജില്ലയിലെ പല സ്ഥലങ്ങളിലും ഇരു സംഘടനകളും ദുർബലമെന്നും വിമർശനമുണ്ട്.