ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ മാതൃകയിൽ തുടങ്ങിയ സംസ്ഥാനത്ത് ആദ്യ സൂപ്പർ ലീഗ് കേരളയുടെ ഫൈനലാണ് ഇന്ന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്നത്. ആതിഥേയരായ കാലിക്കറ്റ് എഫ്‌സിയും ഫോഴ്സ കൊച്ചിയും തമ്മിലാണ് കലാശ പോരാട്ടം.
പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഫൈനലിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്. കാലിക്കറ്റ് എഫ് സിയുടെയും ഫോഴ്‌സ കൊച്ചിയുടെയും നൂറു കണക്കിന് ആരാധകരാണ് എത്തിയിട്ടുള്ളത്. ഫൈനൽ മത്സരത്തിലെ ഭൂരിഭാഗം ടിക്കറ്റുകളും ഇതിനോടകം വിറ്റ് തീർന്നിട്ടുണ്ട്. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിന് മുന്നിൽ നിന്നും ആഷിഖ് റഹ്മാൻ ചേരുന്നു.
ലീഗിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കാലിക്കറ്റ് തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഫോഴ്സ കൊച്ചി സെമി ഫൈനലിൽ കണ്ണൂർ വാരിയേഴ്സിനെ തോൽപ്പിച്ചു. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ.
രണ്ട് മാസം നീണ്ടുനിന്ന ലീഗിൽ ആറ് ടീമുകളാണ് പങ്കെടുത്തത്. വിദേശ താരങ്ങളെ കൊണ്ടും പരിശീലകരെ കൊണ്ടും സമ്പന്നമായ സൂപ്പർ ലീഗ് കേരള താരങ്ങൾക്കും പുതിയ അനുഭവമായി. ലീഗിൽ നിരവധി മലയാളി താരങ്ങൾ തിളങ്ങുകയും ചെയ്തു. കോഴിക്കോടും മലപ്പുറത്തും നിറഞ്ഞു കവിഞ്ഞ ഗാലറികളാണ് ഓരോ മത്സരങ്ങൾക്കും ഉണ്ടായിരുന്നത്.
ഫൈനൽ മത്സരം കാണാൻ ഫോഴ്സ കൊച്ചി ഉടമ പൃഥ്വിരാജ്, കാലിക്കറ്റ് എഫ്‌സി ഉടമ ബേസിൽ ജോസഫ്, കണ്ണൂർ വാരിയേഴ്സ് ഉടമ ആസിഫ് അലി എന്നിവർ ഉണ്ടാകും. സൂപ്പർ ലീഗ് ജേതാക്കൾക്ക് ഒരു കോടി രൂപയും റണ്ണറപ്പുകൾക്ക് 50 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ALSO READ: ചാംപ്യന്‍സ് ട്രോഫിക്കായി രോഹിത്തും സംഘവും പാകിസ്ഥാനിലേക്കില്ല; നിലപാടറിയിച്ച് ബിസിസിഐ