സ്വകാര്യ സ്കൂൾ അധ്യാപകനായ സെബിനെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്
തിരുവനന്തപുരം വെങ്ങാനൂരിൽ ആറാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. സ്വകാര്യ സ്കൂൾ അധ്യാപകനായ സെബിനെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ പത്താം തീയതിയാണ് സ്വകാര്യ സ്കൂളിലെ അധ്യാപകനായ സെബിൻ ആറാം ക്ലാസുകാരനെ മർദിച്ചത്.
തന്നെ കളിയാക്കി എന്ന് പറഞ്ഞായിരുന്നു അധ്യാപകന്റെ മർദനം. വീടിന് സമീപം നടന്ന അപകടത്തെക്കുറിച്ച് സുഹൃത്തിനോട് സംസാരിച്ചപ്പോൾ തന്നെ കളിയാക്കിയെന്ന തോന്നൽ അധ്യാപകനുണ്ടായി. അടി നിർത്താൻ കുട്ടിയോട് കാല് പിടിച്ച് അപേക്ഷിക്കാൻ പറഞ്ഞതായും പരാതിയിൽ പറയുന്നു.
"വീടിനടുത്തുള്ള സ്മാർട്ട് പോയിന്റിൽ നടന്ന അപകടത്തെപ്പറ്റി ഞാൻ ഒരു കൂട്ടുകാരനോട് പറഞ്ഞു. അവൻ വേറൊരു കൂട്ടുകാരനോട് പറഞ്ഞു. അവൻ ഈ സാറിനോട് പറഞ്ഞു ഞാൻ സാറിനെപ്പറ്റിയാണ് പറഞ്ഞതെന്ന്. സാറിനെപ്പറ്റിയല്ലെന്ന് കൊറേ തവണ പറഞ്ഞു. സാർ എന്നിട്ടും എന്നെ കൊണ്ടിട്ട് അടിച്ചു. ക്ലാസിനടുത്ത് ആഹാരം കഴിക്കാനിരുന്നപ്പോൾ പിന്നെയും വന്ന് വിളിച്ചോണ്ട് പോയി," കുട്ടി പറഞ്ഞു.
പ്രിൻസിപ്പലിന്റെ അടുത്ത് കൊണ്ടുപോയപ്പോൾ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. പിന്നാസെ ഹെഡ്‌മാസ്റ്ററുടെ അടുത്തുകൊണ്ടുപോയി. ശേഷം സ്കൂളിലെ ഫാദറിന്റെ അടുത്തുകൊണ്ടുപോയി. കുട്ടി പല തവണ ക്ഷമ ചോദിച്ചിട്ടും കാല് പിടിച്ച് അപേക്ഷിക്കാൻ ആവശ്യപ്പെട്ടതായും കുട്ടി പറഞ്ഞു. മുളങ്കമ്പുവെച്ച് അത് പൊട്ടുന്ന വരെ അടിച്ചെന്നും കുട്ടി വെളിപ്പെടുത്തി. മറ്റു അധ്യാപകർ വിലക്കിയപ്പോഴാണ് അടി നിർത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ സ്കൂൾ അധികൃതർ അധ്യാപകനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.