പുല്ലംപാറയില്‍നിന്ന് 29 കിലോമീറ്ററോളം സഞ്ചരിച്ച് പാങ്ങോടെത്തി പിതാവിന്റെ ഉമ്മയെയാണ് അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്
തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവ് അഞ്ചുപേരെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പൊലീസ്. പുല്ലംപാറ പേരുമല സ്വദേശിയായ അഫാൻ (23) മൂന്നിടങ്ങളിലായി ആറുപേരെയാണ് ആക്രമിച്ചത്. പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, മാതാവ് ഷെമി, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫർഷാന, പിതാവിന്റെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഷെമി ഒഴികെ മറ്റ് അഞ്ചുപേരും മരിച്ചു. നാലുപേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. രണ്ടുപേരെ വെട്ടുകയായിരുന്നു. വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലാണ്. സ്വന്തം വീട്ടിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചുമാണ് അഫാന്‍ കൊലപാതകം നടത്തിയത്.
പുല്ലംപാറയില്‍നിന്ന് 29 കിലോമീറ്ററോളം സഞ്ചരിച്ച് പാങ്ങോടെത്തി പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവിയെയാണ് അഫാന്‍ ആദ്യം വെട്ടി കൊലപ്പെടുത്തിയത്. അവിടെനിന്ന് ചുള്ളാളത്തെത്തിയാണ് പിതാവിന്റെ സഹോദരന്‍ ലത്തീഫിനെയും അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. വീട്ടില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമാണ് ചുള്ളാളത്തേക്കുള്ളത്. വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് അനിയന്‍ ഒമ്പതാം ക്ലാസുകാരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍ഷാന, മാതാവ് ഷെമി എന്നിവരെ ആക്രമിച്ചത്. അഫ്സാനും, ഫര്‍ഷാനയും മരിച്ചെങ്കിലും ഷെമി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. അഫാന്‍ വിളിച്ചതനുസരിച്ചാണ് പെണ്‍സുഹൃത്ത് ഫര്‍ഷാന വീട്ടിലെത്തിയത്. ഷെമി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
മൂന്നിടങ്ങളിലായി നടന്ന ക്രൂരകൃത്യം വളരെ ആസൂത്രിതമായാണ് അഫാന്‍ നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റിടങ്ങളിലെ കൃത്യത്തിനുശേഷമാണ് അഫാന്‍ വീട്ടിലെത്തിയത്. അവിടെ അനിയനെയും പെണ്‍സുഹൃത്തിനെയും മാതാവിനെയും ആക്രമിച്ചശേഷം, ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. വാതിലുകളെല്ലാം അടച്ചുപൂട്ടിയശേഷം, വൈകിട്ട് ആറരയോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്. എല്ലാവരും മരിച്ചെന്ന് കരുതിയാണ് യുവാവ് സ്റ്റേഷനിലെത്തിയത്. സാമ്പത്തിക പരാധീനതയാണ് കൊല ചെയ്യാനുള്ള കാരണമെന്ന് പ്രതി മൊഴി നല്‍കിയെങ്കിലും പൊലീസ് അത് വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യം നടത്തിയശേഷം എലി വിഷം കഴിച്ചിരുന്നെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.