തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സന്ദീപ് ഘോഷിനെയും, കേസ് അന്വേഷിച്ച താല പൊലീസ് സ്റ്റേഷൻ മേധാവി അഭിജിത്ത് മൊണ്ടാലിനെയും സിബിഐ അറസ്റ്റ് ചെയ്തത്.
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് ജാമ്യം നിഷേധിച്ച് സിബിഐ കോടതി. സന്ദീപ് ഘോഷിനെതിരായ ആരോപണങ്ങളുടെ സ്വഭാവം ഗൗരവവും ഗുരുതരവുമാണെന്നും തെളിയിക്കപ്പെട്ടാൽ വധശിക്ഷ ലഭിക്കുമെന്നും കോടതി നിരീക്ഷിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സന്ദീപ് ഘോഷിനെയും, കേസ് അന്വേഷിച്ച താല പൊലീസ് സ്റ്റേഷൻ മേധാവി അഭിജിത്ത് മൊണ്ടാലിനെയും സിബിഐ അറസ്റ്റ് ചെയ്തത്.
സന്ദീപ് ഘോഷിനൊപ്പം അഭിജിത്ത് മൊണ്ടലും കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പ്രതികളെ ജാമ്യത്തിൽ വിട്ടയക്കുന്നത് 'തുല്യതയുടെ തത്വം ലംഘിക്കുന്ന അനീതിയാണെ'ന്ന് നീരീക്ഷിച്ച് കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് ഡേയുടെ ബെഞ്ചാണ് ഇവരുടെ ജാമ്യാപേക്ഷ നിരസിച്ചത്.
വാദം കേൾക്കലിനിടെ, സന്ദീപ് ഘോഷിനെതിരായ ആരോപണത്തിൻ്റെ സ്വഭാവം ഗൗരവതരവും ഗുരുതരവുമാണെന്നും തെളിയിക്കപ്പെട്ടാൽ അത് അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ കൂട്ടത്തിൽ ഉ8പ്പെടുത്തി വധശിക്ഷയ്ക്ക് വിധേയമായേക്കുമെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം ചെയ്യാനായി സംഭവസ്ഥലത്ത് പ്രതി ഉണ്ടാകേണ്ടതില്ലെന്നും, മറ്റുള്ളവരുടെ സഹായത്തോടെ കൃത്യം ചെയ്യാമെന്നും കോടതി പറഞ്ഞു. അതേസമയം രണ്ട് പ്രതികളേയും സെപ്റ്റംബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന സിബിഐയുടെ അഭ്യർഥന കോടതി അംഗീകരിച്ചു.
ആഗസ്റ്റ് 9ന് രാവിലെ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ആർജി കർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ എന്ന നിലയിൽ സന്ദീപ് ഘോഷിൻ്റെ പങ്ക് പലരും ചോദ്യം ചെയ്തിട്ടുണ്ട്. സ്ഥാപന മേധാവിയായ അദ്ദേഹം എന്തുകൊണ്ട് അടിയന്തരമായി പ്രാഥമിക വിവര റിപ്പോർട്ട് നൽകിയില്ലെന്ന് സുപ്രീം കോടതി പോലും ചോദിച്ചിരുന്നു.
ഇരയുടെ മാതാപിതാക്കളെ അറിയിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും കുറ്റകൃത്യം നടന്ന സെമിനാർ ഹാളിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നടപടികളെക്കുറിച്ചും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. കൊലപാതകം നടന്ന രണ്ട് ദിവസത്തിനകം പ്രിൻസിപ്പൽ സ്ഥാനമൊഴിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം.