fbwpx
"ഒന്നായി പോരാടാം"; ബ്ലാസ്റ്റേഴ്‌സിനെ മൈതാനിയിലേക്ക് നയിക്കാൻ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Sep, 2024 12:11 PM

ദുരന്തത്തിൽ ഉറ്റസുഹൃത്തുക്കളും സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം നഷ്ടപ്പെട്ടിട്ടും കുഞ്ഞുപുഞ്ചിരിയോടെ എല്ലാത്തിനെയും മറികടക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുകയാണ് സംഘാടകർ

KERALA


ഇത്തവണ ബ്ലാസ്റ്റേഴ്സ് മൈതാനത്തേക്കിറങ്ങുമ്പോൾ ആരവങ്ങളും കരഘോഷങ്ങളും കുറച്ച് അധികമായാലും തെറ്റ് പറയാൻ പറ്റില്ല. താരങ്ങളെ കൈപിടിച്ച് മൈതാനിയിലെത്തിക്കുന്ന കുഞ്ഞുമുഖങ്ങൾക്കായിരിക്കും ആ കയ്യടി. ക്യാപ്റ്റൻ അഡ്രിയാന്‍ ലൂണയുടെ കൈപിടിക്കാൻ മുണ്ടക്കൈ സ്കൂളിലെ വിദ്യാർഥി ആതിഫ് അസ്ലമും, നോഹ സദൗയിയുടെ കൈപിടിച്ച് ഫാത്തിമ ഷഫ്നയും, കെ.പി. രാഹുലിൻ്റെയും സച്ചിന്‍ സുരേഷിന്റെയുമൊക്കെ കൈപിടിച്ച് ദക്ഷ്വദ് കൃഷ്ണയും കെ.വി. ദേവികയുമൊക്കെ മൈതാനത്തേക്ക് വരുന്ന മനോഹര കാഴ്ചയ്ക്കാണ് തിരുവോണനാളിൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വയനാട് ദുരന്തത്തിൽ ഉറ്റസുഹൃത്തുക്കളും സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം നഷ്ടപ്പെട്ടിട്ടും കുഞ്ഞുപുഞ്ചിരിയോടെ എല്ലാത്തിനെയും മറികടക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുകയാണ് സംഘാടകർ.

തിരുവോണ ദിവസം കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എല്‍ ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ടീമിനെ മൈതാനത്തിറക്കാൻ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും സ്‌കൂളിലെ കുട്ടികളെത്തും.  അതിഥി ടീമും എതിരാളികളുമായ പഞ്ചാബ് എഫ്.സി.യുടെ താരങ്ങളെയും കൈപിടിച്ച് മൈതാനത്തിലേക്ക് ആനയിക്കുന്നത് ഇവർ തന്നെയാണ്. 

ALSO READ: മഞ്ഞപ്പട അവതരിച്ചു; തനിനാടന്‍ ലുക്കില്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്

ദുരന്തത്തിൻ്റെ സങ്കടങ്ങളിൽ നിന്ന് കുഞ്ഞുങ്ങള്‍ക്കൊരു മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്എല്ലിൽ കുരുന്നുകളെയും ചേർത്തുപിടിക്കാമെന്ന് തീരുമാനിച്ചതെന്ന് സംഘാടകരായ എംഇഎസ് പറയുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണഘോഷം വേണ്ടെന്ന് ചിന്തിച്ച എംഇഎസ്, പിന്നീട് കുഞ്ഞുങ്ങളെ ഫുട്ബോളിലേക്ക് കൊണ്ടുവരാമെന്ന ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

വയനാട്ടിലെ വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്., മുണ്ടക്കൈ എല്‍.പി. സ്‌കൂള്‍, മേപ്പാടി ഡബ്ല്യു.എം.ഒ. സ്‌കൂള്‍ എന്നിവിടങ്ങളിൽ നിന്നായി 24 കുട്ടികളാണ് കൊച്ചിയിലെത്തുന്നത്. ഇതില്‍ 22 പേര്‍ ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ താരങ്ങൾക്കൊപ്പം മൈതാനത്തെത്തും. കുട്ടികൾ ശനിയാഴ്ച രാവിലെ വയനാട്ടിൽ നിന്ന് പുറപ്പെടും. പിന്നീട് കോഴിക്കോടെത്തി ഷൂസ്, ജേഴ്സി എന്നിവക്കായി ഒരു ഷോപ്പിങ്ങും പാസാക്കിയാവും കൊച്ചിയിലെത്തുക.

ALSO READ: മോഹൻ ബഗാന് സമനിലപ്പൂട്ടിട്ട് മുംബൈ സിറ്റി; ഐഎസ്എൽ പതിനൊന്നാം സീസണിന് തുടക്കം


കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളുമുണ്ടാകും. ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തില്‍ ഇവരുടെ ലൈനപ്പ് പരിശീലനമുണ്ടാകുമെന്ന് എംഇഎസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഡോ. അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.


KERALA
'മറുപടി നൽകണം'; ചാർജ് മെമ്മോ നല്‍കിയതില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍. പ്രശാന്ത് ഐഎഎസ്
Also Read
user
Share This

Popular

NATIONAL
KERALA
ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്; മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് ശശി തരൂർ