40-ാം മിനിറ്റിലെ ബോറിസ് സിംഗ് താങ്ജാമിന്‍റെ ഗോളിലൂടെയാണ് ഗോവ വിജയം സ്വന്തമാക്കിയത്
കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വിജയം ആവർത്തിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിന്‍ എഫ്സിക്കെതിരായ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി ഗോവയോട് പരാജയപ്പെട്ടത്. 40-ാം മിനിറ്റിലെ ബോറിസ് സിംഗ് താങ്ജാമിന്‍റെ ഗോളിലൂടെയാണ് ഗോവ വിജയം സ്വന്തമാക്കിയത്. ഈ സീസണിലെ ബോറിസിന്‍റെ ആദ്യ ഗോളാണിത്.
സാഹില്‍ ടവോറയില്‍ നിന്നും ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെയായിരുന്നു ബോറിസ് സിംഗിന്‍റെ മുന്നേറ്റം. ഗോള്‍ വലയിലേക്കുള്ള ഈ നീക്കം തടയാനായി ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. ബോക്സിനുള്ളിലേക്ക് കടന്ന് ബോറിസ് തൊടുത്ത പന്ത് ഗോള്‍ കീപ്പർ സച്ചിന്‍ സുരേഷിന്‍റെ കയ്യില്‍ തട്ടി വലയിലേക്ക് വീണു. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ തുറന്നിട്ട ലൂണയ്ക്കും സംഘത്തിനും മുന്നില്‍ വിജയത്തിലേക്കുള്ള വാതില്‍ മാത്രം അടഞ്ഞു കിടന്നു. മത്സരം തുടങ്ങിയ നിമിഷം മുതല്‍ ഗോളിനായുള്ള ശ്രമത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ്. ബോക്സില്‍ നിന്നുള്ള നോഹ സദോയ്യുടെ കിക്ക് ഗോളിനു അടുത്തെത്തിയെങ്കിലും ക്രോസ്ബാറിനു മുകളിലൂടെ പറന്ന് പ്രതീക്ഷകള്‍ കെടുത്തി.
ചെന്നൈയിൻ എഫ്‍സിക്കെതിരായ മത്സരത്തിലൂടെ വിജയ വഴിയിലേക്ക് തിരികെ എത്തുകയാണെന്ന് ആരാധകർക്ക് സൂചന നല്‍കിയ ശേഷമാണ് പരാജയത്തിന്‍റെ വഴിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്‍റെ തിരിച്ചുപോക്ക്. തുടർച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമായിരുന്നു ചെന്നൈയിന്‍ എഎഫ്സിക്കെതിരായ കൊമ്പന്മാരുടെ വിജയം. 2024 ഒക്ടോബർ 20ന് മൊഹമ്മദൻസിനെതിരായ എവേ മത്സരത്തിൽ ജയിച്ച ശേഷം ഒരു ഹോമടക്കം തുടർച്ചയായ മൂന്ന് എണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചെന്നൈയിന്‍ എഫ്സിക്കെതിരായ ക്ലീന്‍ ഷീറ്റ് നേട്ടം ആരാധകരെ വീണ്ടും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ മത്സരത്തിലെ 40-ാം മിനിറ്റിലെ ഗോവന്‍ ചലഞ്ചില്‍ സച്ചിന്‍ സുരേഷ് പരാജയപ്പെട്ടതോടെ മഞ്ഞപ്പടയുടെ ആരാധകർ കൂടിയാണ് തോറ്റത്.
അത് ആരാധകരുടെ പ്രതികരണങ്ങളിലും പ്രകടമായിരുന്നു. തോൽവിക്ക് കാരണം ബ്ലാസ്റ്റേഴ്സിന്‍റെ ടീം മാനേജ്മെന്‍റാണെന്നാണ് ആരാധകർ പറയുന്നത്. പുതിയ പരിശീലകൻ മിഖേൽ സ്റ്റാറെയുടെ തന്ത്രങ്ങൾ വേണ്ടത്ര വിജയം കാണുന്നില്ല എന്നും അവർ വിമർശിക്കുന്നു.
സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി ഒൻപതാം സ്ഥാനത്തു തുടരുകയാണ്. ഇന്നത്തെ ജയത്തോടെ ഒൻപതു മത്സരങ്ങളിൽനിന്ന് നാലു ജയങ്ങളുമായി എഫ്സി ഗോവ, 15 പോയിന്‍റോടെ അഞ്ചാം സ്ഥാനത്തെത്തി.