മന്ത്രിമാറ്റത്തിൽ ഉത്സാഹം കാണിക്കുന്ന പി.സി. ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നെന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ആരോപണം
കോഴ വാഗ്ദാന വിവാദത്തിൽ എൻസിപിയിൽ പോര് മുറുകുന്നു. സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോ വിഷയത്തിൽ മൗനം തുടരുന്നതിൽ എതിർപ്പുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. എൻസിപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ കോഴ വാഗ്ദാനം ചർച്ചയായിരുന്നു.
മന്ത്രിമാറ്റത്തിൽ ഉത്സാഹം കാണിക്കുന്ന പി.സി. ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നെന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ആരോപണം. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാന നേതാക്കളെയാണ് പി.സി. ചാക്കോ പുറത്താക്കിയിരുന്നത്. എന്നാൽ സംസ്ഥാനമൊട്ടാകെ ചർച്ചയായ വിവാദത്തിലെ ചാക്കോയുടെ മൗനത്തെ ചോദ്യം ചെയ്യുകയാണ് പാർട്ടി പ്രവർത്തകർ.
കോഴ ആരോപണത്തിൽ ഉചിതമായ അന്വേഷണം വേണമെന്നാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടികാട്ടി. ആരോപണം ശരിയാണെങ്കിൽ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. എംഎൽഎമാരെ വിലക്കെടുക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം വിഷയം പാർട്ടി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും എൻസിപി എംഎൽഎ എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോഴ ആരോപണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ തർക്കങ്ങളില്ലെന്നും ശശീന്ദ്രൻ പറയുന്നു. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ആൻ്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ട്. ഈ വിഷയം വന്ന ശേഷം തോമസ് കെ തോമസുമായി സംസാരിച്ചിട്ടില്ലെന്നും കുറ്റമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും എ.കെ. ശശീന്ദ്രൻ പറയുന്നു.
എംഎൽഎ സ്ഥാനം ഒഴിയുന്ന കാര്യത്തിൽ പാർട്ടി തീരുമാനങ്ങളോ നിർദേശങ്ങളോ ലംഘിക്കുന്ന ഒരാളായി ഉണ്ടാകില്ലെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. പാർട്ടി പ്രസിഡൻ്റ് പറയുന്ന ആ നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് താൻ മാറി നിൽക്കും. പാർട്ടി അന്വേഷിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ താനല്ല പറയേണ്ടതെന്നും ശശീന്ദ്രൻ ചൂണ്ടികാട്ടി.
ALSO READ: "ഒരു മര്യാദയുള്ള തുകയൊക്കെ വേണ്ടേ പറയാൻ"; കോഴ ആരോപണം അടിസ്ഥാനരഹിതമെന്ന് തോമസ് കെ. തോമസ്
എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയായ തോമസ് കെ.തോമസ് എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻ്റണി രാജുവാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചതെന്നായിരുന്നു പുറത്തു വന്ന വിവരം.
എ.കെ.ശശീന്ദ്രന് പകരം എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ.തോമസിന് വരാൻ കുരുക്കായത് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാനുള്ള നൂറ് കോടിയുടെ ഓഫറായിരുന്നു. എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് ചേരാൻ എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്നാണ് കണ്ടെത്തൽ. ആൻ്റണി രാജുവിനും (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോനും (ആർഎസ്‌പി) വേണ്ടി ആയിരുന്നു തോമസ് കെ. തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തത്. വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സംഭവം ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചത്. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാൻ കാരണം ഇതാണെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിച്ചു.