യാത്രക്കാർക്ക് ആശ്വാസം; എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് തുടരും

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് സർവീസ് സ്ഥിരമാക്കുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത്
യാത്രക്കാർക്ക് ആശ്വാസം; എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് തുടരും
Published on

പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെ പാലക്കാട് വഴിയുള്ള എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിൻ്റെ സർവീസ് തുടരാൻ റെയിൽവേ. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് സർവീസ് സ്ഥിരമാക്കുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.

കഴിഞ്ഞ 30 മുതൽ ഈ മാസം 26 വരെയാണ് എറണാകുളം-ബംഗളൂരു വന്ദേഭാരത് പരീക്ഷണാടിസ്ഥാനത്തിൽ സ്‌പെഷ്യൽ സർവീസ് നടത്തിയത്. പരീക്ഷണയോട്ടം പ്രതീക്ഷിച്ചതിലും വിജയമാണെന്നും ഏറിയ ദിവസങ്ങളിലും 85 മുതൽ 90 ശതമാനം സീറ്റുകളും ബുക്കിംഗോടെയാണ് ട്രെയിൻ സർവീസ് നടത്തിയതെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

സർവീസ് സ്ഥിരമാക്കുന്നതോടെ യാത്രക്കാർ ഏറെയുള്ള ബംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരതിനായി നേരത്തെ മുതൽ ഉയർന്ന ആവശ്യം സാക്ഷാത്കരിക്കപ്പെടും. എറണാകുളത്തു നിന്നും സമീപ ജില്ലകളിൽ നിന്നും ബംഗളൂരുവിൽ ജോലി ചെയ്യുന്ന നിരവധി പേ‍ർക്ക് സ്വകാര്യ വോൾവോ ബസുകളുടെ കൊള്ളയിൽ നിന്ന് രക്ഷപെടാൻ വന്ദേഭാരത് ഉപകരിക്കുമെന്ന് യാത്രക്കാർ പ്രതീക്ഷിക്കുന്നു.

എറണാകുളത്ത്‌ നിന്നു ബാംഗ്ലൂരിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസും, ബാംഗ്ലൂരിൽ നിന്നു എറണാകുളത്തേക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും സർവീസ് നടത്താനാണ് റെയിൽവേ ആലോചിക്കുന്നത്. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ, രാത്രി 10ന് ബംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിലെത്തും. ബംഗുളുരുവിൽ നിന്നും പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് വേണമെന്നാണ് യാത്രക്കാരുടെ അവശ്യം. ഓണത്തിന് നാട്ടിലെത്താൻ കഴിയാതെ വിഷമിക്കുന്ന ബാംഗ്ലൂർ മലയാളികൾക്കും ഏറെ ആശ്വാസകരമാകും ഈ സർവീസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com