നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന പദവി നൽകണമെന്നാണ് കോൺഗ്രസ് പറഞ്ഞത്
ഇന്ത്യ സഖ്യത്തിന്റെ സഹായത്തോടെ കോൺഗ്രസ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന പദവി നൽകണമെന്നാണ് കോൺഗ്രസ് പറഞ്ഞത്. എന്നാൽ ആദ്യം തെരഞ്ഞെടുപ്പ് നടത്തണം എന്ന നിലപാട് ആയിരുന്നു ബിജെപിയുടേത് എന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ സെപ്തംബർ 18 ന് വേട്ടെടുപ്പ് നടക്കുന്ന റംബാൻ ജില്ലയിലെ ബനിഹാൽ അസംബ്‌ളി മണ്ഡലത്തിലെ സംഗൽദാനിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജമ്മുകശ്മീരിൽ കോൺഗ്രസ് പ്രചാരണത്തിനായി എത്തിയതാണ് അദ്ദേഹം.
ALSO READ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രചാരണത്തിന് തുടക്കമായി; രാഹുൽ ഇന്ന് ജമ്മുകശ്മീരിലെത്തും
ബിജെപി ആഗ്രഹിച്ചാലും ഇല്ലെങ്കിലും ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു കിട്ടുമെന്ന് ഉറപ്പ് നൽകുന്നതായും അദ്ദേഹം നേരത്തെ ലോക്സഭയിലും പറഞ്ഞിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യ സഖ്യം സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തിറക്കിയത്. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന എഐസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സെൻട്രൽ ഷാൽടെങ്ങിൽ നിന്ന് പിസിസി സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര മത്സരിക്കും. ഒമ്പത് സ്ഥാനാർഥികളുടെ പ്രാഥമിക ലിസ്റ്റ് ഓഗസ്റ്റ് 27 ന് പുറത്തിറക്കിയിരുന്നു.
ALSO READ: വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഇനി കോൺഗ്രസിൽ, ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിക്കും
നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ഫോർമുലയ്ക്കും അന്തിമ രൂപമായി. നാഷണൽ കോൺഫറൻസ് 51 സീറ്റുകളിലും, കോൺഗ്രസ് 32 സീറ്റുകളിലും മത്സരിക്കും. സിപിഎമ്മിനും ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടിക്കും ഓരോ സീറ്റ് വീതം നൽകിയിട്ടുണ്ട്. 90 അംഗ ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക.