വിഷയത്തില്‍ പൊലീസ് അന്വേഷണം കൃത്യമായി നടക്കട്ടെയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു
ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന്‍റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. വിവാദം പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഇ.പിയെ പാർട്ടി വിശ്വസിക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.
വയനാട്, ചേലക്കര, ഉപതെരഞ്ഞെടുപ്പ് പോളിങ് ദിവസം ഇ.പി. ജയരാജന്‍റെ ആത്മകഥ എന്ന നിലയില്‍ പ്രചരിച്ച പിഡിഎഫ് പാർട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് അന്വേഷണം കൃത്യമായി നടക്കട്ടെയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഈ സാഹചര്യത്തില്‍ ഇ.പി. ജയരാജന് അനുവാദം കൊടുക്കുമോ എന്ന ചോദ്യത്തിന് ഇ.പി ആത്മകഥ എഴുതുകയാണെന്നും പൂർത്തിയാക്കിയ ശേഷമേ അനുവാദം കൊടുക്കേണ്ട കാര്യമുള്ളൂവെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജൻ വിശദീകരണം നല്‍കിയിരുന്നു. തന്നെ തകർക്കാൻ നടക്കുന്ന ശ്രമത്തിന്‍റെ ഭാഗമാണ് വിവാദങ്ങൾ. ഒന്നും ഒളിക്കാനില്ലാത്തത് കൊണ്ടാണ് ഡിജിപിക്ക് പരാതി നൽകിയതെന്നും ഇ.പി സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു. വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ഇ.പി ആവർത്തിച്ചു.
Also Read: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിൽ മുന്നണികൾ
വാർത്താസമ്മേളനത്തില്‍ വിവിധ വിഷയങ്ങളിലെ പാർട്ടി നിലപാടും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപിയും യുഡിഎഫും ഒരുമിച്ച് നിൽക്കുന്നുവെന്നും പാലക്കാട്, വടകര, തൃശൂർ മണ്ഡലങ്ങളില്‍ ഇവർ തമ്മില്‍ ഡീൽ നടന്നുവെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. തൃശൂരില്‍ കോണ്‍ഗ്രസിനു നഷ്ടമായ വോട്ടാണ് ബിജെപിക്ക് ലഭിച്ചതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പാലക്കാട് ഇടതുമുന്നണി തിരിച്ചുപിടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഇ. ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാർഥിക്ക് കിട്ടില്ല. ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കും കിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു . പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
മുനമ്പം വിഷയത്തില്‍ നാടിന്‍റെ സാഹോദര്യത്തെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മതരാഷ്ട്രവാദ ശക്തികൾ ഉൾപ്പെടെ ഇടപെടുന്നു. പ്രശ്നമുണ്ടാക്കാതെ നോക്കുന്ന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ചിലർ നോക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.