ഷാഫി പറമ്പിലിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കൾ രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ വീണ്ടും സംഘർഷം ഉടലെടുത്തത്
ഉപതെരഞ്ഞെടുപ്പ് ചൂടെത്തിയതിന് പാലക്കാട്ടെ പിന്നാലെ കോൺഗ്രസിൽ ഉൾപാർട്ടി പോരാട്ടവും മുറുകുകയാണ്. പാർട്ടി നേതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ഇതിനോടകം തന്നെ നിരവധി കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ടു. ഇപ്പോഴിതാ ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ. സുരേഷ് പാർട്ടി വിട്ട് സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഷാഫി പറമ്പിലിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കൾ രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.
പിരായിരി പഞ്ചായത്തിലെ ഒന്നാം വാർഡിനോട് ഷാഫി പറമ്പിൽ എംഎൽഎ ഫണ്ടിൽ അവഗണന കാണിച്ചുവെന്നരോപിച്ചാണ് പാർട്ടി മണ്ഡലം സെക്രട്ടറി ജി. ശശി വിമതശബ്ദം ഉയർത്തിയത്. ഇതിന് പിന്നാലെ ഷാഫി പറമ്പിൽ പിരായിരിയിൽ പാർട്ടിയെ ദുർബലപ്പെടുത്തുന്നെന്ന് കെ.എ. സുരേഷ് ആരോപിച്ചു. ഷാഫിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണ് പിരായിരിയിൽ പരിഗണനയെന്ന് പറഞ്ഞ സുരേഷ്, ഇനി സിപിഎമ്മിനോട് സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഇനിമുതൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് വ്യക്തമാക്കി.
"പിരായിരി പഞ്ചായത്തില്‍ ഷാഫിയുടെ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ല. നേതാക്കളാരും ഇതുവരെ വിളിച്ചിട്ടില്ല. ഷാഫിയോടുള്ള വിരോധം കൊണ്ടാണ് പാര്‍ട്ടി വിടുന്നത്. എന്നെ പോലെയുള്ള നിരവധി പേര്‍ സിപിഎമ്മില്‍ ചേര്‍ന്നുകഴിഞ്ഞു. ഇനിയങ്ങോട്ട് സരിനെ ജയിപ്പിക്കാനായി പ്രവര്‍ത്തിക്കും," സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: വയനാട് ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍, ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് പ്രത്യേക പോളിംഗ് സെൻ്റർ
യു.ഡി.എഫിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് പിരായിരി. എന്നാൽ പിരായരി പഞ്ചായത്തിലെ ഒന്നാം വാർഡിന് അവഗണന കാണിച്ചെന്ന് ആരോപിച്ചാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും പഞ്ചായത്ത് അംഗവുമായ സിത്താരയും കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. പിന്നാലെ ഇവർ കോൺഗ്രസ് വിട്ട് ഇടത് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ഷാഫിക്കെതിരെ നീക്കങ്ങൾ നടക്കുന്നുവെന്ന സൂചനയും സുരേഷിന്റെ വാക്കുകളിലുണ്ട്.
അതേസമയം കോൺഗ്രസിൽ അതൃപ്തിയിൽ തുടരുന്ന പ്രവർത്തകർ ഇനിയുമുണ്ടെന്നും അവർ വൈകാതെ തന്നെ കോൺഗ്രസ് വിടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാഫിയും ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും തമ്മിൽ അവിശുദ്ധ ബന്ധമാണെന്നും സുരേഷ് ബാബു ആരോപിച്ചു.
ALSO READ: കൊടകര കുഴല്‍പ്പണ കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
"ഷാഫിയും കൃഷ്ണകുമാറും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ തെരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നത്. അതാണ് ഷാഫി മത്സരിക്കുമ്പോൾ കൃഷ്ണകുമാർ മത്സരിക്കാൻ എത്താതിരുന്നത്. ഇ. ശ്രീധരനെ പോലുള്ളവർ മത്സരിക്കാൻ എത്തിയപ്പോൾ ഉൾപ്പെടെ, കൃഷ്ണകുമാറിന്റെ ബൂത്തിൽ ഷാഫിയാണ് ലീഡ് ചെയ്തത്. ഇതെല്ലാം രഹസ്യ ബന്ധത്തിന്റെ ഭാഗമാണ്," സുരേഷ് ബാബു ആരോപിച്ചു.