അഫ്ഗാന്‍ ജനതയ്ക്ക് മാനുഷികവും വികസനപരവുമായ സഹായം നല്‍കുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ആവര്‍ത്തിച്ചു
താലിബാനുമായി ഔദ്യോഗിക ചർച്ച നടത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ആണ് അഫ്ഗാനിസ്ഥാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖ് മൗലവിയുമായി ദുബായില്‍ കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമസേന അക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നത് പ്രധാനമാണ്.
അഫ്ഗാനിസ്ഥാന് നല്‍കുന്ന മാനുഷിക സഹായം, ഉഭയകക്ഷി പ്രശ്‌നങ്ങള്‍, മേഖലയിലെ സുരക്ഷാ സാഹചര്യം എന്നിവയെക്കുറിച്ച് താലിബാന്‍ സർക്കാർ പ്രതിനിധിയുമായി ചര്‍ച്ച നടന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് എക്സിലൂടെ അറിയിച്ചത്.
അഫ്ഗാന്‍ ജനതയ്ക്ക് മാനുഷികവും വികസനപരവുമായ സഹായം നല്‍കുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ചർച്ചയില്‍ ആവര്‍ത്തിച്ചു. ചബഹാര്‍ തുറമുഖം വഴിയുള്ള വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ധാരണയായി. രാജ്യത്തെ അഭയാര്‍ഥികളുടെ ആരോഗ്യ മേഖലയ്ക്കും പുനരധിവാസത്തിനും ഇന്ത്യ പിന്തുണ നല്‍കും, രൺധീർ ജയ്‌സ്വാള്‍ എക്സിൽ കുറിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ജയ്‌സ്വാള്‍ പങ്കുവെച്ചു.
കഴിഞ്ഞ മാസം പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 46 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് താലിബാൻ പറഞ്ഞു. തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാന്റെ (ടിടിപി) ഒളിസങ്കേതങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണങ്ങളെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. ആക്രമണത്തിൽ നിരവധി ടിടിപി നേതാക്കൾ കൊല്ലപ്പെട്ടതായും പാകിസ്ഥാൻ അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കലാപങ്ങളും ആക്രമണങ്ങളും നടത്തുന്നത് ടിടിപി ആണെന്നാണ് പാകിസ്ഥാന്റെ ആരോപണം. ടിടിപി അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളമൊരുക്കിയതോടെ അഫ്ഗാൻ താലിബാനുമായുള്ള ബന്ധവും വഷളായി. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ടിടിപി നടത്തിയ ആക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു പാകിസ്ഥാൻ വ്യോമാക്രമണങ്ങൾ.
Also Read: ഇന്തോനേഷ്യക്ക് ബ്രിക്സ് അംഗത്വം; സ്ഥിരീകരിച്ച് ബ്രസീൽ
അഫ്ഗാനിലെ സാധാരണക്കാർക്ക് നെരെ നടന്ന ആക്രമണങ്ങളിൽ ഇന്ത്യ അപലപിക്കുന്നതായി തിങ്കളാഴ്ച (ജനുവരി 6) വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.