ആദ്യ സ്വീകരണം തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കൊരട്ടി ജംഗ്ഷനിലാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഓവറോൾ ചാമ്പ്യന്മാര്‍ക്ക് തൃശൂര്‍ ജില്ലയില്‍ സ്വീകരണം. ആദ്യ സ്വീകരണം തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കൊരട്ടി ജംഗ്ഷനിലാണ്. സ്വര്‍ണക്കപ്പിന്റെ മാതൃക കൊരട്ടിയില്‍ എത്തിച്ചു. റവന്യൂ മന്ത്രി കെ. രാജനും ഡിഡിഇ അജിത കുമാരി എന്നിവര്‍ വിജയികള്‍ക്കൊപ്പം കൊരട്ടിയില്‍ എത്തി.
25 വര്‍ഷത്തിന് ശേഷം അഭിമാനകരമായ സ്വര്‍ണക്കപ്പ്, അതും ചരിത്ര പോയിന്റോടെ നേടുന്ന അഭിമാനകരമായ നിമിഷമാണിതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു. ഫോട്ടോ ഫിനിഷിങ്ങില്‍ തൃശൂര്‍ തന്നെ നേടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തൃശൂര്‍ നഗരത്തില്‍ ഘോഷയാത്രയായി ടൗണ്‍ഹാളിലേക്ക് എത്തുകയും അവിടെ സ്വീകരണം നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
1008 പോയിന്റോടുകൂടിയാണ് തൃശൂര്‍ സംസ്ഥാന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാടിന് ചാമ്പ്യന്‍ഷിപ്പ് നഷ്ടമായത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.