വിർച്വൽ ക്യൂ വഴി പ്രതിദിനം 50,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കും മാത്രമാണ് ദർശനത്തിന് അനുമതി
ശബരിമലയിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംഖ്യയിൽ നിയന്ത്രണമേർപ്പെടുത്തും. വിർച്വൽ ക്യൂ വഴി പ്രതിദിനം 50,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കും മാത്രമാണ് ദർശനത്തിന് അനുമതി. പമ്പയിൽ പ്രവർത്തിച്ചിരുന്ന സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഇന്ന് മുതൽ നിലയ്ക്കലിലാവും പ്രവർത്തിക്കുക. മണ്ഡല-മകരവിളക്ക് സീസണിൽ ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 41 ലക്ഷം കടന്നു.
മകരവിളക്കിനോടടുക്കുന്ന ദിവസങ്ങളിൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംഖ്യ എന്നിവ ദേവസ്വം ബോർഡ് നിജപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതൽ 13 വരെ വിർച്വൽ ക്യൂ വഴി പ്രതിദിനം 50,000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സ്പോട്ട് ബുക്കിങ് വഴി 14 തിയ്യത വരെ 5000 പേർക്ക് മാത്രമാണ് പ്രവേശനം. വിർച്വൽ ക്യൂ മകരവിളക്ക് ദിവസമായ ജനുവരി 14ന് നാൽപതിനായിരം ആയും 15ന് അറുപതിനായിരം ആയും നിയന്ത്രിച്ചിട്ടുണ്ട്.
പമ്പയിൽ പ്രവർത്തിച്ചിരുന്ന സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഇന്ന് മുതൽ നിലയ്ക്കൽ ആവും പ്രവർത്തിക്കുക. ദർശനം കഴിഞ്ഞ് മടങ്ങുന്നവരും സ്പോട്ട് ബുക്കിങ്ങിന് എത്തുന്നവരും കൂടുമ്പോൾ പമ്പയിൽ ഉണ്ടാവുന്ന വലിയ തിരക്ക് ഒഴിവാക്കാനാണ് മാറ്റം. അതേസമയം പെട്ടെന്നുള്ള അറിയിപ്പായതിനാൽ തീർഥാടകർക്ക് ആശങ്ക ഉണ്ടാവാനും സാധ്യതയുണ്ട്. ചെറുവാഹനങ്ങളിൽ എത്തുന്ന തീർഥാടകർ സ്പോട്ട് ബുക്കിങ് കേന്ദ്രം മാറ്റിയതറിയാതെ നേരിട്ട് പമ്പയിൽ എത്താനും സാധ്യതയുണ്ട്. ജനുവരി 15 മുതൽ സ്പോട്ട് ബുക്കിങ് രാവിലെ 11 മണിക്ക് ശേഷം മാത്രമേ ഉണ്ടാകു എന്നും ദേവസ്വം ബോർഡ് അറിയിച്ചു. തീർഥാടകർക്ക് സുഗമമായ ദർശനം ഒരുക്കുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിഎം അരുൺ എസ്. നായർ പറഞ്ഞു.
പമ്പാ ഹിൽ ടോപ്പ് പാർക്കിങ് 12ന് രാവിലെ 8 മുതൽ 15ന് ഉച്ചയ്ക്ക് 2 വരെ പാർക്കിങ് ഒഴിവാക്കി. പകരം ചാലക്കയം, നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്കിങ് സൗകര്യം ഒരുക്കും. എരുമേലി കാനനപാതയിൽ 11 മുതൽ 14 വരെ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്ക് മാത്രമാണ് പ്രവേശനം.
തീർഥാടകർ സന്നിധാനത്തും പരിസരത്തും പാചകം ചെയ്യുന്നത് നിരോധിച്ചു. പാചക ഉപകരണങ്ങൾ പമ്പയിൽ വാങ്ങി വയ്ക്കുമെന്നും തീർഥാടകർ മടങ്ങുമ്പോൾ അവ വാങ്ങി പോകാമെന്നും എഡിഎം അറിയിച്ചു. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് തീർഥാടകർ തമ്പടിക്കുന്ന വലിയാനവട്ടത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മകരവിളക്ക് ക്രമീകരണങ്ങൾ ജനുവരി 10ന് പൂർത്തിയാവും.
മണ്ഡല മകരവിളക്ക് സീസണിൽ ഇതുവരെ 41 ലക്ഷത്തിലധികം തീർഥാടകരാർണ് ദർശനം നടത്തിയത്. പ്രതിദിനം ശരാശരി 90,000തോളം തീർഥാടകരാണ് മലചവിട്ടിയത്. പല ദിവസങ്ങളിലും തീർഥാടകരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നു.
ശബരിമല മകരവിളക്ക് ക്രമീകരണങ്ങൾ
• 9.1.25 മുതൽ 13.1.25 വരെ സ്പോട് ബുക്കിംഗ് പ്രതിദിനം 5000 മാത്രം
• 14.1.25ന് സ്പോട് ബുക്കിങ് 1000 മാത്രം
• വിർച്വൽ ക്യൂ
13ന് - 50,000
14ന് - 40,000
15ന് - 60,000
• ഇന്ന് മുതൽ പമ്പയിൽ സ്പോട് ബുക്കിങ് കൗണ്ടറുകൾ ഉണ്ടാവില്ല
• നിലയ്ക്കലിൽ സ്പോട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കും
• എരുമേലി കാനനപാതയിൽ 11 മുതൽ 14 വരെ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്ക് മാത്രം പ്രവേശനം
• പമ്പാ ഹിൽ ടോപ്പിൽ 12ന് രാവിലെ 8 മുതൽ 15ന് ഉച്ചയ്ക്ക് 2 വരെ പാർക്കിങ് ഒഴിവാക്കി
• ചാലക്കയം, നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്കിങ് സൗകര്യം ഒരുക്കും
• തീർഥാടകർ സന്നിധാനത്തും പരിസരത്തും പാചകം ചെയ്യുന്നത് നിരോധിച്ചു
• പാചക ഉപകരണങ്ങൾ പമ്പയിൽ വാങ്ങി വയ്ക്കും
• തീർഥാടകർ മടങ്ങുമ്പോൾ അവ വാങ്ങി പോകാം
• തീർഥാടകർ വനത്തിൽ അതിക്രമിച്ചു കയറിയാൽ കർശന നടപടി