മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെമായി സീറ്റ് വിഭജന ചർച്ചകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) ശരദ് പവാർ വിഭാഗം എന്നിവരടങ്ങുന്ന പ്രതിപക്ഷ സഖ്യമാണ് മഹാ വികാസ് അഘാഡി. സംസ്ഥാനത്തെ 288 നിയമസഭ മണ്ഡലങ്ങളില്‍ 260 സീറ്റുകളുടെ കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ധാരണയായി എന്ന തരത്തില്‍ വാർത്തകള്‍ വന്നിരുന്നു. എന്നാല്‍ 200 സീറ്റുകളില്‍ മാത്രമാണ് ചർച്ച നടന്നതെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയില്ലെന്നും നാനാ പടോലെയുടെ പേര് പറയാതെ സഞ്ജയ് സൂചിപ്പിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയുമായും സംസാരിക്കുമെന്നും റാവത്ത് പറഞ്ഞു.
Also Read: പെണ്‍മക്കളെ 'ബ്രെയിന്‍വാഷ്' ചെയ്തുവെന്ന പിതാവിന്‍റെ പരാതി; ഇഷ ഫൗണ്ടേഷനെതിരെയുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി
മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ കൂടുതല്‍ സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം നാനാ പടോലെ പരിഗണിക്കാത്തതാണ് സഖ്യത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ ലോക്സഭ ഇലക്ഷനില്‍ മഹാരാഷ്ട്രയില്‍, വിശേഷിച്ചും വിദർഭ മേഖലയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 48 സീറ്റുകളില്‍ 13 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിനു സാധിച്ചു. മുന്‍ ഇലക്ഷനുകളിലും വിദർഭ മേഖലയില്‍ കോണ്‍ഗ്രസ് കരുത്തുതെളിയിച്ചിട്ടുണ്ട്. മാത്രമല്ല നാനാ പടോലെയുടെ ശക്തികേന്ദ്രം കൂടിയാണ് ഈ മേഖല.
Also Read: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തല്‍; നിർമാണ സാമഗ്രികൾ എത്തിക്കാൻ കേരളത്തിൻ്റെ അനുമതി തേടി തമിഴ്‌നാട്
ഹരിയാന തെരഞ്ഞെടുപ്പില്‍ പ്രാദേശിക നേതൃത്വത്തെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്ന ആരോപണവും ശിവസേന ഉദ്ധവ് വിഭാഗം ഉന്നയിച്ചിരുന്നു. ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ തെരഞ്ഞെടുപ്പ് സമവാക്യങ്ങളേയും ബാധിച്ചേക്കും. മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിലെ വിള്ളല്‍ വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ചർച്ചകള്‍ക്ക് കാരണമാകും. എന്നാല്‍, ഭരണ വിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന് എക്സിറ്റ് പോളുകള്‍ എല്ലാം ഒറ്റക്കെട്ടായി പ്രവചിച്ച ഹരിയാനയില്‍ മൂന്നാം വട്ടവും ബിജെപിക്ക് അധികാരം പിടിക്കാന്‍ സാധിച്ചതിന്‍റെ അത്മവിശ്വാസത്തിലാണ് സംസ്ഥാനത്തെ ഭരണപക്ഷമായ മഹായുതി സഖ്യം.
മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. നവംബർ 23നാണ് വോട്ടെണ്ണല്‍.