എം.ജെ. സോജന് ഐപിഎസ് ലഭിക്കാതിരിക്കാൻ ഏതറ്റം വരെയും പോകും. വിഷയത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ
എം.ജെ. സോജനെതിരായ കേസ് റദ്ദാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ചാനലിലൂടെ പെൺകുട്ടികളെ അധിക്ഷേപിച്ചത് അറിയാതെയാണെന്ന് ഉൾക്കൊള്ളാൻ ആകില്ല. എം.ജെ. സോജൻ പറഞ്ഞത് മാത്രമാണ് ചാനൽ സംപ്രേഷണം ചെയ്തത്. എം.ജെ. സോജന് ഐപിഎസ് ലഭിക്കാതിരിക്കാൻ ഏതറ്റം വരെയും പോകും. വിഷയത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ.
വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. മരിച്ച വാളയാർ പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്. എന്നാൽ ഉദ്യോഗസ്ഥമെതിരെയല്ല, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ALSO READ : വാളയാർ പെൺകുട്ടികൾക്കെതിരായ മോശം പരാമർശം; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
ഉത്തരവിന്റെ പകർപ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമ സ്ഥാപനത്തിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2020 മാർച്ച് 18ന് കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിച്ചു. പിന്നാലെ 2021ല്‍ സിബിഐക്ക് കേസ് കൈമാറി. ഡിവൈഎസ്‌പി അന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി തള്ളി. കേസില്‍ രണ്ടാമതും സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.