സരിൻ യോഗ്യനല്ലെന്ന് പറഞ്ഞ വി.എസ്. അച്യുതാനന്ദൻ്റെ മുൻ പിഎ എ. സുരേഷിന് മറുപടിയില്ലെന്നും ഇ.എൻ. സുരേഷ് പറഞ്ഞു
പാലക്കാട് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. മണ്ഡലം ഇത്തവണ ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തോടെയായിരുന്നു സുരേഷ് ബാബുവിൻ്റെ പ്രതികരണം. പുതിയ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവ് പി. സരിനെ സിപിഎം സ്വതന്ത്ര്യ സ്ഥാനാർഥിയാക്കും.
സ്ഥാനാര്‍ഥിയാകുമെന്ന് സരിന്‍ ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ഇന്നലെ ചര്‍ച്ച നടത്തിയെന്നും ബിജെപിക്കെതിരായുള്ള പോരാട്ടത്തിനാണ് പ്രധാന്യമെന്നും സരിന്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ സരിൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ വി.എസ്. അച്യുതാനന്ദൻ്റെ മുൻ പിഎ എ. സുരേഷ് രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിൻ യോഗ്യനല്ലെന്നായിരുന്നു സുരേഷിൻ്റെ പ്രസ്താവന. എന്നാൽ സുരേഷിൻ്റെ അഭിപ്രായത്തിന് മറുപടിയില്ലെന്നായിരുന്നു ഇ.എൻ മോഹനൻ്റെ പക്ഷം. പാർട്ടി അംഗം പോലും അല്ലാത്ത ആൾക്ക് എന്ത് മറുപടി നൽകണമെന്നും അഭിപ്രായം പറയാൻ സുരേഷ് ആരാണ് എന്നും ജില്ലാ സെക്രട്ടറി ചോദിച്ചു.
ALSO READ: ഉപതെരഞ്ഞെടുപ്പ് ചൂടിൽ രാഷ്ട്രീയ പാർട്ടികൾ; പാലക്കാട്, ചേലക്കര സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
പാലക്കാട്ടെ സ്ഥാനാർഥിയാരെന്ന് മണിക്കൂറുകൾക്കകം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന സരിൻ്റെ നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, പാലക്കാട് ഇടതു സ്ഥാനാർഥിയായി സരിനെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. സരിൻ സ്ഥാനാർഥിയാകുന്നതോടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിൽനിന്നു കൂടുതൽ വോട്ട് സമാഹരിക്കാൻ ഇതുവഴി കഴിയുമെന്ന് സി പിഐഎം കരുതുന്നു.