ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന സൂചനയാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദവികളെ സംബന്ധിച്ചും ഇന്നത്തെ ചർച്ചയിൽ ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകയോഗം ഇന്ന്. ഡൽഹിയിൽ വച്ച് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹായുതി സഖ്യം നേതാക്കളും പങ്കെടുക്കും. മുഖ്യമന്ത്രി നിർണയത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതായിരിക്കുമെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ മഹാവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകളിലാണ് എൻഡിഎ. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന സൂചനയാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദവികളെ സംബന്ധിച്ചും ഇന്നത്തെ ചർച്ചയിൽ ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യമനുസരിച്ച് ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
അതേ സമയം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം മഹാവികാസ് അഘാടി സഖ്യത്തിൽ പോര് മുറുകുന്നു. സഖ്യത്തിൻ്റെ നേതൃസ്ഥാനത്ത് നിന്ന് പിൻമാറാൻ ശിവസേന യുബിടി വിഭാഗം നേതാവ് ഉദ്ദവ് താക്കറെക്ക് സമ്മർദം. സഖ്യത്തിലെ മറ്റ് നേതാക്കളാണ് ഉദ്ദവ് താക്കറെയോട് പാർട്ടിയിൽ നിന്നും രാജിവെക്കാൻ ആവശ്യപ്പെട്ടത്. എങ്കിലും ബിജെപിക്കെതിരായ സംയുക്ത സഖ്യം നിലനിൽക്കുമെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 235 ഇടത്താണ് മഹായുതി സഖ്യം 'മഹാ' വിജയം സ്വന്തമാക്കിയത്. ശക്തമായ പ്രചരണം കാഴ്ചവെച്ചിട്ടും 49 ഇടത്ത് മാത്രം തങ്ങളുടെ അടയാളം അവശേഷിപ്പിക്കാനെ മഹാ വികാസ് അഘാഡി സഖ്യത്തിനു സാധിച്ചുള്ളൂ.