ഇതേ പാറ്റേണിൽ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് ആവർത്തിക്കുന്ന രണ്ടാമത്തെ കുറ്റകൃത്യമാണിത്
കോഴിക്കോട് കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ അക്രമിച്ച് രണ്ട് കിലോഗ്രാമിലേറെ സ്വർണം കവർന്നു. കടയടച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വർണവ്യാപാരി മുത്തമ്പലം സ്വദേശി ബൈജുവിനെ കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് കവർച്ച നടത്തിയത്. ഇതേ പാറ്റേണിൽ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് ആവർത്തിക്കുന്ന രണ്ടാമത്തെ കുറ്റകൃത്യമാണിത്.
രാത്രി കടപൂട്ടി സ്റ്റോക്കുള്ള സ്വർണവുമായി ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്ന ചെറുകിട സ്വർണവ്യാപാരികളെ കാർ ഇടിച്ചിടുക. ആയുധം കാട്ടി ഭീഷണിപ്പെടുത്തുക, ആക്രമിക്കുക, സ്വർണം കവർന്ന് കടന്നുകളയുക. ഒരേ പാറ്റേണിൽ വൻ സ്വർണക്കൊള്ളകൾ ആവർത്തിക്കുകയാണ്. ഇന്നലെ രാത്രി പതിനൊന്നോടെ കോഴിക്കോട് കൊടുവള്ളിയിലായിരുന്നു ഒടുവിലത്തെ സംഭവം.
കൊടുവള്ളിയിൽ സ്വര്‍ണാഭരണ നിർമാണ യൂണിറ്റും ചെറുകിട സ്വർണ വ്യാപാരവും നടത്തുന്ന മുത്തമ്പലം സ്വദേശി ബൈജുവിനെയാണ് കൊള്ളസംഘം ആക്രമിച്ച് സ്വർണം കടന്നത്. കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തിയും മർദിച്ചും സ്വർണം കവർന്നുവെന്നാണ് പരാതി. കൊടുവള്ളി ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവം. രണ്ട് കിലോഗ്രാമോളം സ്വർണം കയ്യിലുണ്ടായിരുന്നു എന്ന് ബൈജു പൊലീസിനോട് പറഞ്ഞു.
കവർച്ചക്കാരെ കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്ന് ബൈജു പറയുന്നു. വെള്ള സ്വിഫ്റ്റ് ഡിസയറിൽ എത്തിയ നാലംഗ സംഘമാണ് സ്വർണ്ണം കവർന്നത്. സ്വർണപ്പണി ചെയ്യുന്ന ആളായതുകൊണ്ട് ആഭരണം പണിയാൻ ഏൽപ്പിച്ച മറ്റ് പലരുടെയും സ്വർണവും പക്കലുണ്ടായിരുന്നെന്ന് ബൈജു പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, അക്രമി സംഘമെത്തിയ വാഹനത്തിൻ്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി.
ഒരാഴ്ച മുമ്പായിരുന്നു പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമകളായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെ കാറിലെത്തിയ സംഘം, സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്ന സംഭവം നടന്നത്. മുളകുപൊടി സ്പ്രേ മുഖത്തടിച്ച ശേഷമായിരുന്നു അന്നത്തെ ആക്രമണം. യൂസഫും ഷാനവാസും നടത്തുന്ന സ്വർണക്കട പ്രവർത്തിച്ചുവരുന്ന കെട്ടിടം ഓടിട്ടതായതുകൊണ്ട് വൈകുന്നേരം കട പൂട്ടി സ്വർണം മുഴുവൻ ബാഗിലാക്കി സ്കൂട്ടറിലായിരുന്നു ഇരുവരും വീട്ടിലേക്ക് പോയിരുന്നത്.
ഇതേ മോഡൽ ആക്രമണവും കൊള്ളയും തന്നെയാണ് കൊടുവള്ളിയിലും നടന്നത്. വൈകുന്നരം കടയടച്ച് ഇരുചക്രവാഹനത്തിൽ സ്വർണവുമായി വീട്ടിലേക്ക് മടങ്ങുന്ന വ്യാപാരികളെയാണ് കൊള്ളക്കാർ സ്ഥിരമായി ലക്ഷ്യം വയ്ക്കുന്നത്. രണ്ട് മാസം മുന്‍പ് കുതിരാന്‍ കല്ലിടുക്കിലും സ്വര്‍ണ വ്യാപാരിയുടെ വാഹനം തടഞ്ഞ് കവര്‍ച്ച നടന്നിരുന്നു. അന്ന് കവര്‍ച്ചാ സംഘം വന്ന കാറിന്റെയും നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നു.