fbwpx
കോഴയിൽ കുരുങ്ങി; അഭിപ്രായം പറയേണ്ടത് എൻസിപിയെന്ന് എൽഡിഎഫ് കൺവീനർ, ആരോപണം നിഷേധിച്ച് നേതൃത്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Oct, 2024 02:10 PM

അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ അത് തെറ്റാണെന്നും, ചോദ്യങ്ങൾക്ക് നമസ്കാരം മാത്രം മറുപടിയെന്നും കെ. കൃഷ്ണൻകുട്ടി അറിയിച്ചു

KERALA


എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് ചേരാൻ എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവിനും തോമസ് കെ. തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് എൻസിപി ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ. കോഴ ആരോപണം താൻ കേട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പ്രതികരിച്ചു. തോമസ് കെ. തോമസ് ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേ‍ർത്തു. താനോ തൻ്റെ പാർട്ടിയോ ഇടതുമുന്നണിക്ക് ദോഷം വരുന്ന ഒരു കാര്യവും ചെയ്യില്ലെന്നും പി.സി. ചാക്കോ കൂട്ടിച്ചേ‍ർത്തു.

കോഴ ആരോപണം നിഷേധിച്ച എൻസിപി അജിത് പവാർ വിഭാഗം ജനറൽ സെക്രട്ടറി ബ്രിജ് മോഹൻ ശ്രീവാസ്തവ, കേരളത്തിലെ ഒരു എംഎൽഎയ്ക്കും കൂറ് മാറാൻ വേണ്ടി പണം വാഗ്ദാനം ചെയ്തിട്ടില്ല , ഇതിനായി ഒരു എംഎൽഎയേയും ബന്ധപ്പെട്ടിട്ടില്ലെന്നും ന്യൂസ് മലയാളത്തോട് പറഞ്ഞു. കോഴ വാഗ്ദാനം ചെയ്ത് എംഎൽഎമാരെ പാർട്ടിയിൽ ചേർക്കേണ്ട ആവശ്യം അജിത് പവാറിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, തോമസ് കെ. തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തലിൽ വിഷയം രൂക്ഷമാകുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെ, എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയായ തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ അറിയിച്ചതാണ് സംഘ‍‍ർഷത്തിന് തുടക്കമിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻ്റണി രാജുവാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചതെന്നാണ് സൂചന.

വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സംഭവം ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ അറിയിച്ചത്. ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിതെന്നും എന്നും ഇടതുപക്ഷത്തിനൊപ്പമാണ് താനെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: "100 കോടി വാഗ്ദാനം നൽകി, എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചു"; തോമസ് കെ. തോമസിനെതിരെ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

അതേസമയം, മുന്നണി ഇക്കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുമെന്നും എൽഡിഎഫിൻ്റെ പൊതുനിലപാട് വിട്ട് ആർക്കും ഈ മുന്നണിയിൽ സഞ്ചരിക്കാൻ കഴിയില്ലെന്നും എൽഡിഎഫ് കൺവീന‍ർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. പാർട്ടിക്കകത്ത് നടന്ന ചർച്ചകളെ കുറിച്ച് ആരും മാധ്യമങ്ങളെ കണ്ടിട്ടില്ല. എൽഡിഎഫ് മുന്നണിക്ക് മുൻപാകെ ഇങ്ങനൊരു പ്രശ്നം വന്നിട്ടില്ല. മന്ത്രി ആരാണെന്ന് തീരുമാനിക്കാൻ എൻസിപിക്ക് അവകാശമുണ്ട്. എൽഡിഎഫ് അല്ല മന്ത്രിയെ തീരുമാനിക്കുന്നത്. ആരോപണങ്ങൾ ഉന്നയിച്ചു കുതിര കച്ചവടം നടത്താനുള്ള ശ്രമങ്ങൾ നടത്തുന്നു. തോമസ് കെ. തോമസിൻ്റെ കാര്യത്തിൽ എൻസിപി ആണ് അഭിപ്രായം പറയേണ്ടത്. എൻസിപി അഭിപ്രായം പറയുന്നില്ലെങ്കിൽ അതവരുടെ കാര്യമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

കോഴ വിവാദത്തിൽ പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എൽഡിഎഫിൽ നടക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. എൽഡിഎഫിൻ്റെ എംഎൽഎമാർ ആരും അങ്ങനെ ചെയ്യുന്നവരല്ല. എൽഡിഎഫിൽ പണം നൽകി സ്വാധീനിക്കാൻ സാധിക്കില്ല. ഇത് സമ്പന്നരുടെ പ്രസ്ഥാനമല്ല, ചർച്ച ചെയ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. കേരള കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. കൃത്യമായ തീയതിയിൽ അത് പാലിക്കപ്പെട്ടു. അതിന് ഒരു സ്വാധീനത്തിൻ്റേയും ആവശ്യമില്ല. പണം നൽകി എന്തും വാങ്ങാമെന്ന് കരുതുന്നവർക്ക് അങ്ങനെയൊക്കെ തോന്നും. എൽഡിഎഫ് അങ്ങനെ ചെയ്യുന്ന ടീമല്ല. അങ്ങനെ കരുതുന്നവർക്കാണ് നാണക്കേടെന്നും കെ.ബി. ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

കോഴ ആരോപണത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത ആയതുകൊണ്ട് തന്നെ അത് തെറ്റായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന മുന്നണിയല്ല. ആ പണിയുള്ളത് ബിജെപിക്കും യുഡിഎഫിനുമാണ്. അധികാരത്തിനു വേണ്ടി കോഴ വാങ്ങുന്ന മുന്നണിയല്ല എൽഡിഎഫ്. മൂന്ന് എംഎൽഎമാരും ഉറച്ച എൽഡിഎഫ് പ്രവർത്തകരാണ്.

വാർത്ത പൂർണമായും നിഷേധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഞങ്ങളുടെ അറിവ് വെച്ച് നിഷേധിക്കുന്നുവെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേ‍ർത്തു. സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച നടന്നിട്ടില്ല എന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു, കഥയുടെ ഗ്യാസ് ഇതോടെ തീരുന്നു. അൻവറിനെ പുറത്താക്കിയത് പോലെ തോമസ് കെ തോമസിനെ പുറത്താക്കുമോയെന്ന ചോദ്യത്തിന് തോമസ് കെ. തോമസ് കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും, എൽഡിഎഫിന്റെ ഉറച്ച പ്രവർത്തകനാണെന്നും പറഞ്ഞ് തോമസിന് പിന്തുണയേകി.


ALSO READ: എഡിഎമ്മിൻ്റെ മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിയുടെ മുന്നിൽ, ടി.വി. പ്രശാന്തന് കുരുക്കുമുറുക്കി ആരോഗ്യ വകുപ്പ്

തോമസ് കെ. തോമസിനെ അവിശ്വസിക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞു. വാർത്ത വിശ്വസനീയമായി തോന്നിയില്ല. പാർട്ടിയും മുഖ്യമന്ത്രിയും എന്താണ് ചർച്ച ചെയ്തതെന്ന് തനിക്കറിയില്ല. മുഖ്യമന്ത്രിയെയും തോമസിനെയും അവിശ്വസിക്കേണ്ട ഒരു സാഹചര്യവും ഈ ഘട്ടത്തിലില്ല. വാർത്തകൾക്ക് ബലം തരുന്ന ഒരു തെളിവും തൻ്റെ കയ്യിൽ ഇല്ല. പരിശോധനകൾക്ക് ശേഷം മാത്രമേ ആരെ വിശ്വാസത്തിൽ എടുക്കണം എന്ന് തീരുമാനിക്കാൻ കഴിയുകയുള്ളൂവെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.

തോമസ് കെ. തോമസ് വിഷയത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും, ചോദ്യങ്ങൾക്ക് നമസ്കാരം മാത്രമാണ് മറുപടിയെന്നും കെ. കൃഷ്ണൻകുട്ടി അറിയിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.

കോഴ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷവും രംഗത്തെത്തി. കോഴ ആരോപണത്തിൻ്റെ സത്യാവസ്ഥ മുഖ്യമന്തി പറയണമെന്നും, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇക്കാര്യത്തിൽ വസ്തുതകൾ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളം ഞെട്ടലോടെയാണ് വാർത്ത കേട്ടത്. കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്ത സംഭവമാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേ‍ർത്തു. മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണെന്നും നടപടി എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ഈ ഭരണത്തിന് വിശ്വാസ്യത ഉണ്ടെങ്കിൽ ഇതിൽ ഉൾപ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

അതേസമയം, പുതിയ നീക്കം എ.കെ ശശീന്ദ്രനെ സംരക്ഷിക്കാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു. ഇല്ലാത്ത കോഴ വിവാദം എ. കെ. ശശീന്ദ്രൻ്റെ മന്ത്രിസ്ഥാനം സംരക്ഷിക്കാനാണ്. വെള്ളാനയായ വനം വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയും മരുമകനുമാണ്. അത് മറ്റൊരു മന്ത്രിയിലേക്ക് പോയാൽ അഴിമതി നടക്കില്ല, അതിനാലാണ് പുതിയ തന്ത്രം. കേരളത്തിൽ 100 കോടി ചെലവഴിച്ച് എംഎൽഎമാരെ വാങ്ങിയിട്ട് കാര്യമില്ല. ആൻ്റണി രാജുവിന് എന്ത് വിശ്വാസ്യതയാണ് ഉള്ളത്. പാർട്ടി ഏതാണെന്ന് പോലും അറിയില്ലെന്നും, ഈ വിവാദം എന്ത് ലക്ഷ്യം വെച്ചാണെന്ന് തനിക്കറിയാമെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.



NATIONAL
സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍