ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയുള്ള വിമർശനത്തിൽ, വാട്സ്ആപ്പ് വിവാദത്തിൽ പ്രതിസന്ധിയിലായ കെ.ഗോപാലകൃഷ്ണന് നേരെയുള്ള ഒളിയമ്പുമുണ്ടായിരുന്നു.
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിന് പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് ശക്തമാകുന്നു. കെ.ഗോപാലകൃഷ്ണനേയും അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനേയും ഉന്നമിട്ട് എൻ. പ്രശാന്ത് ഐഎഎസാണ് ഫെയ്‌സ്‌സ്ബുക്കിൽ വിമർശനം തുടരുന്നത്. ജയതിലകിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിലുണ്ടാകുമെന്നും പ്രശാന്ത് ഫെയ്സ്‌ബുക്കിലൂടെ വെളിപ്പെടുത്തി. പോര് രൂക്ഷമായതോടെ ചീഫ് സെക്രട്ടറി എൻ. പ്രശാന്തിനോട് വിശദീകരണം തേടി.
എസ് സി, എസ് ടി ഉന്നമനത്തിനായി തുടങ്ങിയ 'ഉന്നതി' പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എൻ.പ്രശാന്തിനെതിരെ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഐഎഎസ് തലപ്പത്തെ പോര് സോഷ്യൽമീഡിയ വരെ എത്തിയത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നാണ് പ്രശാന്തിൻ്റെ ആരോപണം. 'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണന് നേരെയുള്ള പ്രശാന്തിൻ്റെ പരിഹാസം.
ജയതിലകിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പോസ്റ്റ് ചെയ്യും. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാൻ കഴിയുന്ന കാര്യങ്ങൾ മാത്രമായിരിക്കും ഇപ്പോൾ വെളിപ്പെടുത്തുക. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ലെന്നും പ്രശാന്ത് പറയുന്നു.
ഐഎഎസ് തലപ്പത്ത് ചേരിപ്പോര് മുൻപും ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിലടക്കം ആരോപണങ്ങളും അധിക്ഷേപങ്ങളും നടക്കുന്നത് സർക്കാരിനേയും വെട്ടിലാക്കിയിരിക്കുകയാണ്. വിവാദം ശക്തമായതോടെ ചീഫ് സെക്രട്ടറി വിഷയത്തിൽ ഇടപെട്ട് വിശദീകരണം തേടിയിട്ടുണ്ട്. ജയതിലക് ഐഎഎസിനെതിരെ പോസ്റ്റിട്ടതിൽ എൻ. പ്രശാന്തിനോടാണ് വിശദീകരണം തേടുക.
പ്രശാന്ത് ഐഎഎസിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്
സെക്രട്ടേറിയറ്റിൽ അടയിരിക്കാതെ ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കണ്ട് പരിചയമില്ലാത്ത മാതൃഭൂമി ഇന്നും എനിക്കെതിരെ വാർത്ത അച്ചടിച്ചിട്ടുണ്ട് - എന്നത്തെയും പോലെ, എന്റെ ഭാഗം ചോദിക്കാതെ. എനിക്കായി ഒരു സ്ഥിരം കോളം ഇടാൻ അപേക്ഷ. ബഹു. മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ 'അദർ ഡ്യൂട്ടി' മാർക്ക് ചെയ്യുന്നതിനെ 'ഹാജർ ഇല്ല' എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്!
ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല.
എനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് ഐഎഎസ് എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ.