പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം
കാസർഗോഡ് നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു. അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 100 ഓളം പേർക്ക് പൊള്ളലേറ്റു. രാത്രി 12.30ഓടെ ആയിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ചുതോറ്റം ചടങ്ങിനിടെയാണ് അപകടം. പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
97ഓളം പേർ സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നാണ് പുറത്തു വരുന്ന വിവരം. കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി (16), പരിയാരം മെഡിക്കല്‍ കോളേജ് (5), സഞ്ജീവിനി ഹോസ്പിറ്റല്‍ (10), അരിമല ഹോസ്പിറ്റല്‍ (3), മിംസ് കണ്ണൂർ (18), മിംസ് കോഴിക്കോട് (2) എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരുക്കേറ്റവരില്‍ 3 പേരുടെ നില ഗുരുതരം.
Also Read: 'തൃശൂര്‍ പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി'; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
നീലേശ്വരം വെടിക്കെട്ടപകടത്തിൽ ക്ഷേത്രം ഭാരവാഹികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ജില്ലാ പൊലീസ് അറിയിച്ചു.