നഷ്ടമായ ഭൂമി തിരികെ നൽകാനുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ കാലതാമസത്തിൽ ഇടപെടുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു
ഇഎഫ്എൽ നിയമപ്രകാരം ഭൂമി നഷ്ടമായവർക്ക് ആശ്വാസം. നഷ്ടമായ ഭൂമി തിരികെ നൽകാനുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ കാലതാമസത്തിൽ ഇടപെടുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. നടപടി വൈകുന്നതെന്തെന്ന് പരിശോധിക്കുമെന്നും, ഇതിനായി തൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.ന്യൂസ് മലയാളത്തോടായിരുന്നു മന്ത്രി എ. കെ. ശശീന്ദ്രൻ്റെ പ്രതികരണം.
പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് 25 വർഷങ്ങൾക്ക് മുൻപ് ഇഎഫ്എൽ നിയമം നിലവിൽ വന്നത്. അന്ന് ഇഎഫ്എല്ലിൽ ഉൾപ്പെട്ട് ഭൂമി നഷ്ടമായവർ, ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇവർക്ക് അനുകൂല വിധി വന്നിട്ടും ഭൂമി തിരികെ ലഭിക്കാത്തത്തിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു.
കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന ഈ ആശങ്കകൾ കഴിഞ്ഞ ദിവസം ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയിലാണ് മന്ത്രിയുടെ പ്രതികരണം. ഭൂമി നഷ്ടമായവരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു. 1972 ലെ വനം വന്യജീവി നിയമപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനാണ് ഇഎഫ്എൽ നിയമത്തിൻ്റെ പൂർണാധികാരം. കേന്ദ്ര നിർദേശങ്ങൾക്ക് അനുസൃതമായാണ് ഭൂമി ഏറ്റെടുക്കുന്നതും നഷ്ടപരിഹാരം നൽകുന്നതും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചവർക്ക് ഭൂമി തിരികെ ലഭിക്കാനുള്ള നടപടികൾ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് തിരുവനന്തപുരത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവർക്ക് ഭൂമി തിരികെ നൽകുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും. 20,000 ഹെക്ടറോളം ഭൂമിയാണ് ഇഎഫ്എൽ നിയമത്തിൽ ഉൾപ്പെടുത്തി വനംവകുപ്പ് ജനങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ മാറിമാറി വരുന്ന സർക്കാറുകൾ ഭൂമി നഷ്ടമായവരെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. കോഴിക്കോട് ജീരകപ്പാറയിൽ 270 ഏക്കർ ഭൂമിയാണ് ഇഎഫ്എല്ലിൽ ഉൾപ്പെടുത്തി വനം വകുപ്പ് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നിലവിൽ വന്നതാണ് ഇഎഫ്എൽ നിയമം. ഇഎഫ്എൽ സെക്ഷൻ മൂന്നും, നാലും സർക്കാരിൽ നിക്ഷിപ്തമായ എല്ലാ ഭൂമിയും 1961ലെ കേരള വന നിയമം പ്രകാരം സംരക്ഷിത വനങ്ങളായി കണക്കാക്കും.സെക്ഷൻ മൂന്ന് പ്രകാരം വനം വകുപ്പ് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കില്ല. എന്നാൽ നഷ്ടപരിഹാരം നൽകാൻ സാധിക്കുന്ന സെക്ഷൻ നാല് പ്രകാരം ഇതുവരെ ഒരു ഭൂമിയും വനം വകുപ്പ് ഇഎഫ്എൽ ആയി പ്രഖ്യാപിച്ചിട്ടില്ല.സംസ്ഥാനത്തുടനീളം നിരവധി പേരാണ് ഇഎഫ്എൽ നിയമത്തിൽപ്പെട്ട് തങ്ങളുടെ വീടും കൃഷി ഭൂമിയും നഷ്ടമായി പെരുവഴിയിലും വാടക വീടുകളിലും കഴിയുന്നത്.