കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജുവിന്റെ ഹര്‍ജി
മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ പുനരന്വേഷണമാകാം എന്ന് സുപ്രീംകോടതി വിധിച്ചു. ആന്റണി രാജു നല്‍കിയ അപ്പീലിലാണ് വിധി വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ വിചാരണ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടി മുതല്‍ മോഷ്ടിക്കുകയും അളവില്‍ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നണ് കേസ്. 1994 ഓക്ടോബര്‍ അഞ്ചിനാണ് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെ മൂന്നാം പ്രതിയാക്കി ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read: പണി തരാന്‍ വന്നവര്‍ക്ക് മുട്ടന്‍ പണി തിരിച്ചു കൊടുത്ത് അശ്വഘോഷ്; വൈറലായി വീഡിയോ
കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജുവിന്റെ ഹര്‍ജി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി, പുതിയ നടപടിക്രമങ്ങളുമായി വിചാരണക്കോടതിക്ക് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.
എന്താണ് ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്
തിരുവനന്തപുരം ജെഎഫ്എംസി -രണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും, ക്ലര്‍ക്കായ ജോസും ചേര്‍ന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. 1990 ലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ പിടികൂടിയത്. ഈ സമയത്ത് തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു. ആന്റണി രാജുവിന്റെ സീനിയര്‍ ആയിരുന്നു ആന്‍ഡ്രൂ സാല്‍വദോറിന്റെ അഭിഭാഷകന്‍. വക്കാലത്തെടുത്തെങ്കിലും കേസില്‍ തോറ്റു. പ്രതിക്ക് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിന്നീട്, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദം അംഗീകരിച്ച് പ്രതിയെ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. അടിവസ്ത്രം പ്രതിക്ക് പാകമാകുന്നതല്ലെന്ന് ഉറപ്പാക്കിയായിരുന്നു കോടതിയുടെ വിധി.
വിദേശ പൗരനെ രക്ഷിക്കാന്‍ ഇയാള്‍ ധരിച്ച തൊണ്ടിമുതലായ അടിവസ്ത്രം മോഷ്ടിച്ച് ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധമാക്കി തിരിച്ചുവെക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 1994 ലാണ് ആന്റണി രാജുവിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുന്നത്. 2006 ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 29 സാക്ഷികളുള്ള കേസില്‍ എല്ലാവരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു.
വിജിലന്‍സ് റിപ്പോര്‍ട്ടിലോ, എഫ്‌ഐആറിലോ തനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ല എന്നാണ് ആന്റണി രാജുവിന്റെ വാദം. നിരപരാധിയായിട്ടും 33 വര്‍ഷങ്ങളായി കേസിന് പിന്നാലെയാണെന്നും അദ്ദേഹം വാദിച്ചിരുന്നു.