2023ൽ പഞ്ചാബി ഗായകനായ ദിൽജിത് ദോസൻഞ്ജിന് ശേഷം കോച്ചെല്ല സംഗീതോത്സവത്തിന്റെ ഭാഗമാവുന്ന രണ്ടാമത്തെ ഇന്ത്യൻ കലാകാരനാണ് ഹനുമാൻകൈൻഡ്
'ബിഗ് ഡോഗ്സ്' എന്ന ആൽബത്തിലൂടെ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയ റാപ്പർ ഹനുമാൻകൈൻഡ് യുഎസിലെ 'കോച്ചെല്ല ഫെസ്റ്റിവലി'ൽ സംഗീത പരിപാടി അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഈ വാർത്ത പങ്കുവെച്ചത്. അടുത്ത വർഷം ഏപ്രിൽ 11-13 , 18-20 തീയതികളിലായാണ് കോച്ചെല്ല ഫെസ്റ്റിവൽ നടക്കുന്നത്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടത്.
2023ൽ പഞ്ചാബി ഗായകനായ ദിൽജിത് ദോസഞ്ജിന് ശേഷം കോച്ചെല്ല സംഗീതോത്സവത്തിന്റെ ഭാഗമാവുന്ന രണ്ടാമത്തെ ഇന്ത്യൻ കലാകാരനാണ് ഹനുമാൻകൈൻഡ്. ഗായികയും ഗാനരചയിതാവുമായ ലേഡി ഗാഗ, ചാർലി XCX, റാപ്പർ പോസ്റ്റ് മലോൺ, മിസ്സി എലിയട്ട് തുടങ്ങി ആഗോള സംഗീത ലോകത്തിലെ തന്നെ അറിയപ്പെടുന്ന കലാകാരന്മാരും ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഗീത പരിപാടികൾ അവതരിപ്പിക്കും.
ഒരു ഇടവേളയ്ക്ക് ശേഷം കോച്ചെല്ല ഫെസ്റ്റിവലിൽ സംഗീത പരിപാടി അവതരിപ്പിക്കുവാൻ വരുന്ന ട്രാവിസ് സ്കോട്ടിന്റെ പ്രകടനത്തേയും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. കാലിഫോർണിയയിലെ കൊളറാഡോ മരുഭൂമിയിലെ കോച്ചെല്ല താഴ്വരയിൽ വർഷം തോറും നടന്നുവരുന്ന സംഗീതോത്സവമാണ് കോച്ചെല്ല. ഏപ്രിൽ മാസത്തിന്റെ പകുതിയോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
ALSO READ: അച്ഛനെ പോലെ തിളങ്ങിയത് വില്ലൻ വേഷങ്ങളിൽ; ബാലൻ കെ. നായരുടെ സ്മൃതി കുടീരത്തിനരികെ ഇനി അന്ത്യവിശ്രമം
ഹനുമാൻ കൈൻഡ് എന്ന സൂരജ് ചെറുകാട്ട് ആഗോളപ്രശസ്തിയിലേക്ക് ഉയരുന്നത് 'ബിഗ് ഡോഗ്സ്' എന്ന റാപ് ആൽബത്തിലൂടെയാണ്. ഗാനം ട്രെൻഡ് സെറ്ററായി മാറിയതിനെ തുടർന്ന് ബിൽബോർഡ് ടോപ് 200 പട്ടികയിൽ ഇടം നേടിയിരുന്നു. നിലവിൽ ഗാനത്തിന് യൂട്യൂബിൽ 150 കോടിയിലധികം കാഴ്ചക്കാരുണ്ട്.