ഉസ്മാൻ ഖ്വാജ, നഥാൻ മക്സ്വീനി, സ്റ്റീവൻ സ്മിത്ത്, പാറ്റ് കമ്മിൻസ് എന്നിവരാണ് ബുമ്രയ്ക്ക് മുന്നിൽ തലകുനിച്ചത്
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ജോഷ് ഹേസിൽവുഡിൻ്റെ നേതൃത്വത്തിലുള്ള ഓസീസ് പേസ് പേട ഇന്ത്യയെ ഒന്നാമിന്നിങ്സ് 150ൽ ചുരുട്ടിക്കെട്ടിയിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയുടെ തീപാറും പന്തുകൾക്ക് മുന്നിൽ വിറച്ചുനിൽപ്പാണ് ഓസീസിൻ്റെ ബാറ്റർമാരിപ്പോൾ.
ഉസ്മാൻ ഖ്വാജ, നഥാൻ മക്സ്വീനി, സ്റ്റീവൻ സ്മിത്ത്, പാറ്റ് കമ്മിൻസ് എന്നിവരാണ് ബുമ്രയ്ക്ക് മുന്നിൽ തലകുനിച്ചത്. സിറാജ് രണ്ടും ഹർഷിത് റാണയും ഒരു വിക്കറ്റും വീഴ്ത്തി. 27 ഓവറിൽ 67/7 എന്ന നിലയിൽ കംഗാരുപ്പട ബാറ്റിങ് തുടരുകയാണ്. 19 റൺസെടുത്ത അലക്സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 83 റൺസിന് പിന്നിലാണ് ഓസ്ട്രേലിയ ഇപ്പോൾ.
ഒന്നാമിന്നിങ്സിൽ ഇന്ത്യയെ 150 റൺസിൽ ചുരുട്ടിക്കെട്ടി കംഗാരുപ്പട ഒന്നാം ടെസ്റ്റിൻ്റെ ആദ്യ മൂന്ന് സെഷനുകളിലും ആധിപത്യം പുലർത്തിയിരുന്നു. നാലു വിക്കറ്റുമായി ജോഷ് ഹേസിൽവുഡ് മുന്നിൽ നിന്ന് നയിച്ച പേസ് പടയ്ക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് മറുപടി ഉണ്ടായിരുന്നില്ല. ഇന്ത്യൻ നിരയിൽ നിതീഷ് റെഡ്ഡിയും (35) റിഷഭ് പന്തും (37) കെ.എൽ രാഹുലും മാത്രമാണ് രണ്ടക്കം കടന്നത്.
അരങ്ങേറ്റ മത്സരത്തിൽ 59 പന്തിൽ ആറ് ഫോറും ഒരു സിക്സറും പറത്തിയ നിതീഷ് റെഡ്ഡിക്ക് അർഹിച്ച സെഞ്ചുറി നഷ്ടമായത് ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി. ഓസ്ട്രേലിയയിലെ പെർത്തിൽ മിച്ചെൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മിച്ചെൽ മാർഷും രണ്ട് വീതം വിക്കറ്റുകൾ പങ്കിട്ടെടുത്തു. 49.4 ഓവറിൽ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.
ALSO READ: വീണ്ടും നിരാശപ്പെടുത്തി കോഹ്‌ലി; രാഹുലിൻ്റെ പുറത്താകലിൽ വിവാദം, പെർത്ത് ടെസ്റ്റിൽ ഇന്ത്യ പതറുന്നു