ആ മരണം സംബന്ധിച്ച ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. ഊഹോപോഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തവുമൊക്കെയായി ഇന്നും ഉത്തരം തേടുകയാണ് കെന്നഡി വധം.
ജോണ്‍ എഫ് കെന്നഡിയും ഭാര്യ ജാക്വിലിനും, കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പ്
"ഏത് തരത്തിലുള്ള സമാധാനമാണ് നാം ആഗ്രഹിക്കുന്നത്. ഭൂമിയില്‍ നമ്മുടെ ജീവിതം മൂല്യവത്താക്കുന്ന സമാധാനം. അത് നമ്മുടെ കാലത്തേക്ക് മാത്രമല്ല, എല്ലാക്കാലത്തേക്കും ഉള്ളതാകണം. നമ്മുടെ പ്രശ്നങ്ങള്‍ മനുഷ്യനിര്‍മിതമാണ്. അത് മനുഷ്യനാല്‍ തന്നെയേ പരിഹരിക്കാനാവൂ. ഈ ചെറിയ ഗ്രഹത്തില്‍ വസിക്കുന്നു എന്നതാണ് നമ്മെ ബന്ധിപ്പിക്കുന്ന പൊതുകണ്ണി. നാം ശ്വസിക്കുന്നത് ഒരേ വായുവാണ്. നാമെല്ലാം നമ്മുടെ കുട്ടികളുടെ ഭാവിയെ വിലമതിക്കുന്നു. നാമെല്ലാം നശ്വരരാണ്..."
അമേരിക്കയുടെ ഏറ്റവും പ്രായംകുറഞ്ഞ, പുരോഗമനവാദിയെന്ന് പ്രകീര്‍ത്തിക്കപ്പെട്ട പ്രസിഡന്റ് ജോണ്‍ ഫിറ്റ്സ്ജെറാള്‍ഡ് കെന്നഡിയുടെ വാക്കുകള്‍. ആ ശബ്ദം നിലച്ചിട്ട് 61 വര്‍ഷം കഴിയുന്നു. ടെക്സസിലെ ഡാളസില്‍, തുറന്ന കാറില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു നീങ്ങവെ, അക്രമിയുടെ വെടിയേറ്റായിരുന്നു ജോണ്‍ എഫ് കെന്നഡിയുടെ അന്ത്യം. അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റ് പൊതുജന മധ്യത്തില്‍ കൊല്ലപ്പെടുമ്പോള്‍, പ്രായം 46. ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും, ആ മരണം സംബന്ധിച്ച ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. ഊഹോപോഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തവുമൊക്കെയായി ഇന്നും ഉത്തരം തേടുകയാണ് കെന്നഡി വധം.
വര്‍ഷം 1963, നവംബര്‍ 22. സമയം ഉച്ചയ്ക്ക് 12.30
തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായിരുന്നു മുകള്‍ഭാഗം തുറന്ന ലിമോസിന്‍ കാറില്‍ കെന്നഡി എത്തിയത്. പിന്‍സീറ്റില്‍ ഭാര്യ ജാക്വിലിനൊപ്പമായിരുന്നു കെന്നഡി. മുന്‍സീറ്റില്‍ ടെക്സസ് ഗവര്‍ണര്‍ ജോണ്‍ കോണലിയും ഭാര്യ നെല്ലിയും. പിന്നാലെ വന്ന കാറുകളില്‍ വൈസ് പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ പ്രമുഖരുമുണ്ടായിരുന്നു. റോഡിനിരുവശവും കൂടിയ ആളുകളെ അഭിവാദ്യം ചെയ്തുകൊണ്ട്, സാവധാനത്തിലായിരുന്നു കെന്നഡിയുടെ യാത്ര. കാറുകള്‍ ഡീലീ പ്ലാസയിലെ ടെക്സസ് ബുക്ക് ഡിപ്പോസിറ്ററി കെട്ടിടത്തിനടുത്തെത്തി. പൊടുന്നനെയാണ്, ചീറിപ്പാഞ്ഞെത്തിയ വെടിയുണ്ട കെന്നഡിയുടെ തല പിളര്‍ന്നത്. തലച്ചോര്‍ ചിതറി, രക്തം തെറിച്ചു. തൊട്ടുപിന്നാലെ മറ്റൊരു വെടിയുണ്ട കൂടി പാഞ്ഞെത്തി. അത് കെന്നഡിയുടെ കഴുത്ത് തുളച്ച് പുറത്തേക്ക് വന്നു കോണലിയുടെ കഴുത്തിനും പരുക്കേല്‍പ്പിച്ചു. ജാക്വിലിന്റെ മുഖവും വസ്ത്രവുമെല്ലാം ചോരയില്‍ നനഞ്ഞു. പിന്നെയും വെടിയൊച്ച കേട്ടു. പരിഭ്രാന്തിയോടെ ജനങ്ങള്‍ അലറിക്കരഞ്ഞു, എങ്ങോട്ടെന്നില്ലാതെ ഓടി. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഖാര്‍ദ്രമായ നിമിഷങ്ങള്‍ക്ക് ഡാലസ് സാക്ഷിയായി. കെന്നഡിയുടെ യാത്ര, ദൃശ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കവര്‍ ചെയ്യുന്നുണ്ടായിരുന്നതിനാല്‍, ആ ദാരുണ സംഭവം ലോകം മുഴുവന്‍ ടെലിവിഷനില്‍ തത്സമയം കണ്ടു.
ഘാതകന്റെ സോവിയറ്റ് യൂണിയന്‍ ബന്ധം
രഹസ്യാന്വേഷണ വിഭാഗത്തിന് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പോ ഭീഷണിയോ ഉണ്ടായിരുന്നില്ല. സകല സുരക്ഷാക്രമീകരണങ്ങളെയും മറികടന്നായിരുന്നു, തികച്ചും അപ്രതീക്ഷിതമായ ആക്രമണം. ഒരുവേള എല്ലാവരും നടുങ്ങി. സമയമൊട്ടും പാഴാക്കാതെ, സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഓടിക്കയറി. അതിന്റെ ആറാം നിലയില്‍ നിന്നായിരുന്നു കെന്നഡിയുടെ ജീവനെടുത്ത വെടിയുണ്ട പാഞ്ഞെത്തിയത്. അവിടെനിന്നും ഒരു റൈഫിള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. കൊലപാതകിയെ കണ്ടെത്താനായില്ല. പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞാണ് കെന്നഡിയുടെ ഘാതകന്‍ പിടിയിലാകുന്നത്. സോവിയറ്റ് യൂണിയനില്‍ മുമ്പ് താമസിച്ചിരുന്ന യു.എസ് പൗരനായ ലീ ഹാര്‍വി ഓസ്വാള്‍ഡ് ആയിരുന്നു ആ ഘാതകന്‍. ഓടി രക്ഷപ്പെടുന്നതിനിടെ, തന്നെ പിന്തുടര്‍ന്ന പൊലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം, തീയേറ്ററില്‍ ഒളിച്ചിരിക്കുകയായിരുന്നു യുഎസ് മുന്‍ സൈനികന്‍ കൂടിയായിരുന്ന ഓസ്വാള്‍ഡ്.
അതേസമയം, കെന്നഡിയെ വെടിവച്ചിട്ടില്ലെന്നായിരുന്നു ഓസ്വാള്‍ഡിന്റെ മൊഴി. എന്നാല്‍ ഓസ്വാള്‍ഡ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും മറ്റു പ്രതികളില്ലെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഓസ്വാള്‍ഡിനെ ജയിലിലടച്ചു. രണ്ട് ദിവസത്തിനുശേഷം, ഓസ്വാള്‍ഡിനെ മറ്റൊരു ജയിലിലേക്ക് കൊണ്ടുപോകവെ ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമ വെടിവച്ചു കൊന്നു. ഡാലസ് പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവം, അന്ന് ലോകജനത തത്സമയം ടെലിവിഷനില്‍ കണ്ടു. കെന്നഡി വധത്തിലെ ഏക പ്രതി അറസ്റ്റിലായതിനു തൊട്ടുപിന്നാലെ കൊല്ലപ്പെട്ടതോടെ, അന്വേഷണം വഴി മുട്ടി. കേസ് ഓസ്വാള്‍ഡില്‍നിന്ന് റൂബിയിലേക്ക് നീങ്ങി. കെന്നഡി വധിക്കപ്പെട്ടതോടെ അസ്വസ്ഥനായെന്നും, അതുകൊണ്ടാണ് ഓസ്വാള്‍ഡിനെ കൊലപ്പെടുത്തിയതെന്നും റൂബി മൊഴി നല്‍കി. വിചാരണയ്ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ കോടതി റൂബിക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ അപ്പീല്‍ നല്‍കി റൂബി വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടു. കേസില്‍ വീണ്ടും വിചാരണ തുടങ്ങി. പക്ഷേ, 1967ല്‍ അര്‍ബുദം മൂര്‍ച്ഛിച്ച് റൂബി മരിച്ചു. അതോടെ, കെന്നഡി വധം സംബന്ധിച്ച അന്വേഷണവും നിലച്ചു.
ആരോപണങ്ങള്‍, അഭ്യൂഹങ്ങള്‍
ശീതയുദ്ധകാലത്താണ് കെന്നഡി കൊല്ലപ്പെടുന്നത്. അതോടെ, സോവിയറ്റ് ചാരസംഘടനയായ കെജിബി കെന്നഡിയെ വധിക്കാന്‍ ഓസ്വാള്‍ഡിനെ നിയോഗിക്കുകയായിരുന്നു എന്ന് ആരോപണങ്ങള്‍ വന്നു. യുഎസില്‍ സൈനികനായിരുന്ന ഓസ്വാള്‍ഡിന്റെ സോവിയറ്റ് യൂണിയന്‍ വാസമാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയത്. എന്നാല്‍ പൊലീസ് അതെല്ലാം നിഷേധിച്ചു. ഓസ്വാള്‍ഡ് കമ്യൂണിസ്റ്റ് അനുഭാവി മാത്രമാണ്. യുഎസ് സൈന്യത്തില്‍നിന്ന് വിരമിച്ചശേഷം, 1959 ഒക്ടോബറില്‍ സോവിയറ്റ് യൂണിയനിലേക്ക് പോയ ഇയാള്‍ 1962 ജൂണില്‍, റഷ്യന്‍ ഭാര്യക്കൊപ്പമാണ് തിരിച്ചെത്തിയത്. ഡാലസിലെത്തിയ ഓസ്വാള്‍ഡ് ഒരു കൈയില്‍ കമ്യൂണിസ്റ്റ് ന്യൂസ് പേപ്പറും, മറു കൈയില്‍ റൈഫിളും പിടിച്ചുനില്‍ക്കുന്ന ഫോട്ടോ ഭാര്യ എടുത്തിരുന്നു. കെന്നഡിയെ വെടിവയ്ക്കാന്‍ ഈ റൈഫിള്‍ തന്നെയാണ് ഉപയോഗിച്ചതെന്നാണ് പൊലീസ് ഭാഷ്യം. അരയിലുണ്ടായിരുന്ന മറ്റൊരു പിസ്റ്റള്‍ ഉപയോഗിച്ചായിരുന്നു തന്നെ പിന്തുടര്‍ന്ന പൊലീസുകാരനെ വെടിവച്ചു കൊന്നതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.
അതേസമയം, എന്തിനാണ് ഓസ്വാള്‍ഡ് കെന്നഡിയെ കൊന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. റൂബി ഓസ്വാള്‍ഡിനെ വധിക്കുകയും ചെയ്തതോടെ, പലതരത്തിലുള്ള അഭ്യൂഹങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പുറത്തുവന്നു. ഓസ്വാള്‍ഡ് തനിച്ചല്ല കൃത്യം നടത്തിയതെന്നും, പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നുമായിരുന്നു ശക്തമായ ആരോപണം. ഒന്നിലധികം ആളുകള്‍ വെടിയുതിര്‍ത്തിരുന്നുവെന്നും, മുന്നില്‍നിന്നും പിന്നില്‍നിന്നും വെടിവെപ്പുണ്ടായെന്നും, മൂന്നോ നാലോ വെടിയൊച്ചകള്‍ കേട്ടിരുന്നുവെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരന്നു. കൃത്യമായി ആസൂത്രണം ചെയ്ത കൊലയാണെന്നും, കെന്നഡി വധത്തിനു പിന്നില്‍ ഗുഢാലോചന ഉണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. അന്ന് കൂടെയുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ ആരോപണനിഴലിലായി. അതോടെ, പ്രസിഡന്റായി ചുമതലയേറ്റ ലിന്‍ഡന്‍ ജോണ്‍സണ്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏള്‍ വാറന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനായിരുന്നു ചുമതല. പത്ത് മാസത്തെ തെളിവെടുപ്പിനുശേഷം വാറന്‍ കമ്മീഷന്‍ 888 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസ് ഭാഷ്യത്തെ ശരിവയ്ക്കുന്നതായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. ഓസ്വാള്‍ഡ് തനിച്ചാണ് കെന്നഡിയെ വധിച്ചത്. അതില്‍ മറ്റാര്‍ക്കും പങ്കില്ല. ഗൂഢാലോചന നടന്നുവെന്നതിന് തെളിവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ശത്രുപക്ഷത്ത് മാഫിയ മുതല്‍ സിഐഎ വരെ
രണ്ട് വര്‍ഷവും പത്ത് മാസവും മാത്രമാണ് കെന്നഡി അമേരിക്കന്‍ പ്രസിഡന്റ് പദവി വഹിച്ചത്. ആയുധ നിയന്ത്രണം, സമാധാന സേന, ബഹിരാകാശ പര്യവേഷണം എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങളുടെ പട്ടികയുണ്ട് ജോണ്‍ എഫ് കെന്നഡിക്ക് അവകാശപ്പെടാന്‍. പൗരാവാകാശ പ്രശ്നങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, മാഫിയ, വംശീയ വിദ്വേഷം, ആക്രമണങ്ങള്‍ എന്നിങ്ങനെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്താനുള്ള പരിശ്രമങ്ങളും കെന്നഡി ഭരണകൂടത്തില്‍ നിന്നുണ്ടായി. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍, മാഫിയ സംഘങ്ങളെ അടിച്ചൊതുക്കി. കെന്നഡിയുടെ സഹോദരനും അറ്റോര്‍ണി ജനറലുമായിരുന്ന റോബര്‍ട്ട് കെന്നഡിക്കായിരുന്നു ക്രമസമാധാന ചുമതല. അപ്പോള്‍ തന്നെ എതിര്‍പ്പുകളും ഏറെയായിരുന്നു. പുരോഗമനവാദിയെന്ന് വിളിക്കപ്പെട്ട കെന്നഡിയുടെ ലിബറല്‍ നയങ്ങള്‍ തീവ്ര വലതുപക്ഷക്കാര്‍ക്ക് അത്രത്തോളം ദഹിച്ചിരുന്നില്ല. ടെക്സസ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ അത് കാര്യമായി പ്രതിഫലിക്കുകയും ചെയ്തിരുന്നു. സോവിയറ്റ് യൂണിയനുമായി ബന്ധപ്പെട്ട നയങ്ങളും കെന്നഡിക്ക് ശത്രുക്കളെ ഉണ്ടാക്കിക്കൊടുത്തു. യുഎസ്-ക്യൂബ ബന്ധം വഷളായത് കെന്നഡിയുടെ കാലത്താണ്. 1961ല്‍, യുഎസിലെ ക്യൂബന്‍ വിമതര്‍ സിഐഎയിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെ ക്യൂബയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. 'ബേ ഓഫ് പിഗ്സ്' എന്നറിയപ്പെടുന്ന ആ സംഭവം കെന്നഡി അറിഞ്ഞിരുന്നില്ല. ശ്രമം പരാജയപ്പെട്ടതോടെ കെന്നഡി കടുത്ത ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായി. ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോയെ വധിക്കാനുള്ള സിഐഎ ശ്രമങ്ങളും അക്കാലത്ത് ഏറെ വിവാദമായിരുന്നു. എല്ലാത്തിനും പഴി കേട്ടത് കെന്നഡിയായിരുന്നു. ഇതിനെല്ലാം പിന്നാലെ, നയം തിരുത്താന്‍ കെന്നഡി തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ശീതയുദ്ധവും വിയറ്റ്നാം യുദ്ധവും അവസാനിപ്പിക്കാന്‍ കെന്നഡി മുന്‍കൈയെടുത്തേക്കുമെന്നും വാര്‍ത്ത പരന്നു. ഇതൊക്കെ കെന്നഡി വധത്തിന് കാരണങ്ങളായി നിരത്തപ്പെടുന്നുണ്ട്. യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം കെന്നഡി അവസാനിപ്പിച്ചേക്കുമെന്ന് ആശങ്കപ്പെട്ടിരുന്നവര്‍, അമേരിക്കയിലെ ക്യൂബന്‍ വിമതര്‍, ആയുധ നിര്‍മാതാക്കള്‍, ടെക്സസിലെ തീവ്ര വലതുപക്ഷ വാദികള്‍ തുടങ്ങി സംഘടിത കുറ്റകൃത്യങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന മാഫിയകളും സിഐഎയിലെ ഒരു വിഭാഗം വരെ അങ്ങനെയാണ് സംശയനിഴലിലാകുന്നത്.
ലേഖനം, പുസ്തകം, സിനിമ
കെന്നഡി വധം പ്രമേയമായ ആയിരത്തിലേറെ പുസ്തകമെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട്. നിഗമനങ്ങള്‍, അഭ്യൂഹങ്ങള്‍ എന്നിവ നിറഞ്ഞ ഗൂഢാലോചന സിദ്ധാന്തങ്ങളും, ലേഖനകളുമൊക്കെ ഒട്ടനവധി വന്നു. നിരവധി സിനിമകളും പുറത്തിറങ്ങി. അതില്‍, 1991ല്‍ ഒലിവര്‍ സ്റ്റോണ്‍ സംവിധാനം ചെയ്ത 'ജെഎഫ്കെ' അക്കാദമി, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. എന്നാല്‍, കെന്നഡി കൊല്ലപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സീക്രട്ട് സര്‍വീസ് ഏജന്റ് പോള്‍ ലാന്‍ഡിസിന്റെ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ പുസ്തകം, ദി ഫൈനല്‍ വിറ്റ്നസ് ഓസ്വാള്‍ഡിനൊപ്പം മറ്റൊരു ഘാതകന്‍ കൂടിയുണ്ടായിരുന്നെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ചര്‍ച്ചയിലെത്തിച്ചു. വാറന്‍ കമ്മീഷന്റെ കണ്ടെത്തലുകളിലെ പൊരുത്തക്കേടുകളും അതോടൊപ്പം ചര്‍ച്ചയായി. കെന്നഡിയുടെ കഴുത്ത് തുളച്ച വെടിയുണ്ട ഗവര്‍ണര്‍ കോണലിയുടെ കഴുത്തിനും മുറിവേല്‍പ്പിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കോണലിയുടെ മുതുക്, നെഞ്ച്, കൈത്തണ്ട, തുട എന്നിവിടങ്ങളിലും മുറിവേറ്റിരുന്നു. ഒരൊറ്റ വെടിയുണ്ടയേറ്റാല്‍ ഇതെല്ലാം സംഭവിക്കുമോയെന്നതായിരുന്നു പ്രധാനം സംശയം. പ്രധാന സാക്ഷിയായിരുന്നിട്ടും ലാന്‍ഡിസിനെ വാറന്‍ കമ്മീഷന്‍ ഒരിക്കല്‍ പോലും വിസ്തരിക്കാതിരുന്നതും വീണ്ടും ചര്‍ച്ചയായി.
കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകള്‍ യുഎസ് പുറത്തുവിട്ടിരുന്നു. രേഖകളില്‍ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളൊന്നുമില്ലെങ്കിലും ചരിത്രകാരന്മാര്‍ക്ക് കൊലയാളിയെകുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായകമാകുന്നതാണ് രേഖകള്‍. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ ചില രേഖകള്‍ ഭാഗികമായോ പൂര്‍ണമായോ തടഞ്ഞുവച്ചിട്ടുമുണ്ട്. യുഎസിനെ വല്ലാത്തൊരു അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നതായിരുന്നു ജോണ്‍ എഫ് കെന്നഡിയുടെ വധം. എന്തിനായിരുന്നു അദ്ദേഹം വധിക്കപ്പെട്ടത്? 61 വര്‍ഷം പിന്നിടുമ്പോഴും, ആ ദുരൂഹത തുടരുകയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സംശയങ്ങളും ഏറെയുണ്ട്.