ഞാൻ പാർട്ടിക്ക് പൂർണമായും വിധേയനാണ്. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ പിടിച്ച കൊടി മരണം വരെയും പിടിക്കണമെന്നാണ് ആഗ്രഹമെന്നും എ. പത്മകുമാര്‍ വിശദീകരിച്ചു.
മന്ത്രി വീണാ ജോര്‍ജിനെ സിപിഐഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കിയതിന് എതിരെ നടത്തിയ പ്രതികരണത്തില്‍ തെറ്റുപറ്റിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ. പത്മകുമാര്‍. എസ്‌ഡിപിഐയെ പറ്റി പറഞ്ഞത് അവർ ഏതെങ്കിലും തരത്തിൽ മാന്യർ ആയതുകൊണ്ടല്ലെന്നും ബിജെപിയും എസ്‌ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ പിടിച്ച കൊടി മരണം വരെയും പിടിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
"വൈകാരികമായി പ്രതികരിച്ചുപോയതാണ്. പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. തെറ്റ് ബോധ്യമായപ്പോൾ തിരുത്തി. എന്ത് നടപടി വന്നാലും സ്വീകരിക്കും. ഞാൻ ജനപ്രതിനിധി ആകാൻ വന്ന ആളല്ല. നാളെ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. ഞാൻ പാർട്ടിക്ക് പൂർണമായും വിധേയനാണ്. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ പിടിച്ച കൊടി മരണം വരെയും പിടിക്കണമെന്നാണ് ആഗ്രഹം. അനുവദിച്ചാൽ അങ്ങനെയാകും," എ. പത്മകുമാര്‍ വിശദീകരിച്ചു.
"ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയതെന്ന വാർത്ത ശുദ്ധ അസംബന്ധമാണ്. ഒരിക്കലും പോകാത്ത എസ്‌ഡിപിഐയിൽ പോയാലും ബിജെപിയിൽ പോകില്ല എന്നാണ് പറഞ്ഞത്. അത് അങ്ങനെ തന്നെ. ബിജെപി കാണിച്ചത് അത്രയ്ക്ക് അൽപ്പത്തരമാണ്. ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്. തൻ്റെ പേരിൽ പ്രശസ്തരാവാനാണ് ബിജെപി ജില്ലാ നേതാക്കൾ ശ്രമിച്ചത്," എ. പത്മകുമാര്‍ കൂട്ടിച്ചേർത്തു.