ഇന്ത്യയും യുഎസും തമ്മിലുള്ള ചർച്ച തുടരുകയാണെന്നും വ്യാപാര കരാറിന് അന്തിമ രൂപമായില്ലെന്നും വിദേശകാര്യ പാർലമെൻ്ററി കമ്മിറ്റിക്ക് മുന്നിൽ വാണിജ്യ സെക്രട്ടറി വ്യക്തമാക്കി
ഡോണാൾഡ് ട്രംപ്, സുനിൽ ബർത്ത്വാൾ
യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്ന ട്രംപിൻ്റെ അവകാശവാദത്തിന് മറുപടിയുമായി ഇന്ത്യ. തീരുവ കുറയ്ക്കുമെന്ന് യാതൊരുറപ്പും നൽകിയിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ വ്യക്തമാക്കി.
യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്ന അവകാശവാദവുമായി പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളുകയാണ് ഇന്ത്യ. യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ ഇന്ന് കോൺഗ്രസ് എംപി ശശി തരൂർ നേതൃത്വം വഹിക്കുന്ന പാർലമെൻ്ററി സമിതിയെ അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ചർച്ച തുടരുകയാണെന്നും വ്യാപാര കരാറിന് അന്തിമ രൂപമായില്ലെന്നും വിദേശകാര്യ പാർലമെൻ്ററി കമ്മിറ്റിക്ക് മുന്നിൽ വാണിജ്യ സെക്രട്ടറി വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി വ്യാപാര കരാറിന് രൂപം നൽകാനുള്ള നീക്കത്തിലാണ് ഇന്ത്യയും യുഎസുമെന്നും വാണിജ്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യ യുഎസിൽനിന്ന് വൻതോതിലുള്ള തീരുവയാണ് ഈടാക്കുന്നതെന്നും ഉയർന്ന താരിഫ് കാരണം ഇന്ത്യയിൽ ഒന്നും വിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല സമാനരീതിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചുവെന്ന അവകാശവാദവുമായി ട്രംപ് എത്തിയത്. വിഷയത്തിൽ ട്രംപിൻ്റെ ഭാഗത്തുനിന്ന് ആവർത്തിച്ച് പ്രസ്താവനകൾ വരുന്നതിനിടെയാണ് പാർലമെൻ്ററി സമിതിക്ക് മുന്നിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.