13,453 തൊഴിലാളികൾക്കാകും ഓണറേറിയം തുക ലഭിക്കുക
വി. ശിവന്‍കുട്ടി
സ്കൂൾ ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകത്തൊഴിലാളികൾക്ക് ഓണറേറിയം തുക അനുവദിച്ചു. 18.63 കോടിയാണ് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിരിക്കുന്നത്. ജനുവരി മാസത്തെ തുകയാണ് അനുവദിച്ചത്. 13,453 തൊഴിലാളികൾക്കാകും ഓണറേറിയം തുക ലഭിക്കുക. ഓണറേറിയം ഉടൻ വിതരണം ചെയ്ത് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി 22 കോടി 66 ലക്ഷം രൂപയും അനുവദിച്ചു. ജനുവരിയിൽ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുകയാണ് അനുവദിച്ചത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്.) സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 4-നും 5-നും സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം നടത്താനും തീരുമാനിച്ചിരുന്നു. രണ്ട് മാസത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ദിവസക്കൂലി 1000 രൂപയാക്കുക, 250 വിദ്യാർഥികൾക്ക് ഒരു തൊഴിലാളി എന്ന തീരുമാനം നടപ്പിലാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. 150 കുട്ടികൾ വരെയുള്ള സ്കൂളിലെ തൊഴിലാളിക്ക് ദിവസം 600 രൂപയാണ് വേതനം. കൂടുതലുള്ള ഓരോ കുട്ടിക്കും 25 പൈസ വീതം അധിക വേതനം ലഭിക്കും. അഞ്ഞൂറിലേറെ കുട്ടികളുള്ള സ്കൂളിൽ രണ്ട് പാചകത്തൊഴിലാളികളാണുള്ളത്. 600 രൂപ അടിസ്ഥാന ശമ്പളത്തിന് പുറമേ അധികമായി ലഭിക്കുന്ന തുക ഇരുവർക്കുമായി വീതിക്കുന്നതാണ് രീതി.