ഗാസയുടെ വടക്ക് ഭാഗത്തുള്ള കമാൽ അദ്‌വാൻ ആശുപത്രിക്കു നേരയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്
ഗാസ സ്ട്രിപ്പില്‍ ഉടനീളം വ്യോമാക്രമണങ്ങള്‍ തുടർന്ന് ഇസ്രയേല്‍. ഗാസയുടെ വടക്ക് ഭാഗത്ത് നടന്ന ആക്രമണങ്ങളില്‍ പ്രദേശത്ത് ഭാഗികമായി പ്രവർത്തിച്ചിരുന്ന അവസാനത്തെ ആശുപത്രിയും ആക്രമിക്കപ്പെട്ടു. വടക്കൻ പട്ടണമായ ബെയ്ത് ലാഹിയയിൽ 20 പേരും ഗാസ സിറ്റിയിൽ നാല് പേരും മധ്യമേഖലയിൽ ആറ് പേരും ഖാൻ യൂനിസിൽ മൂന്ന് പേരും ഉൾപ്പെടെ പ്രദേശത്ത് നടന്ന വ്യോമാക്രമണങ്ങളില്‍ 33 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വടക്ക് ഭാഗത്തുള്ള കമാൽ അദ്‌വാൻ ആശുപത്രിക്കു നേരയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ഇസ്രയേൽ ഫൈറ്റർ ജെറ്റുകളും ക്വാഡ്-കോപ്റ്റർ ഡ്രോണുകളും ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ നടത്തിയ ആക്രമണത്തില്‍ ഡോക്ടർമാർക്കും രോഗികൾക്കും പരുക്കേറ്റു. ഒരാഴ്ച മുമ്പ്, ഇസ്രയേൽ സൈന്യം കമാൽ അദ്‌വാൻ ഹോസ്പിറ്റലിൽ റെയ്ഡ് നടത്തുകയും നിരവധി പേരെ തടവിലാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം നാല് ഡോക്ടർമാരും 50 സന്നദ്ധപ്രവർത്തകരും മെഡിക്കൽ ഉദ്യോഗസ്ഥരും നഴ്സുമാരുമായാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്ന പലസ്തീനികള്‍ ശുശ്രൂഷയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയാണ് കമാൽ അദ്‌വാൻ.
കമാൽ അദ്‌വാൻ ആശുപത്രി സ്ഥിതി ചെയ്യുന്ന വടക്കൻ മേഖലയിൽ കഴിഞ്ഞ ഒരു മാസമായി ഇസ്രയേല്‍ വ്യോമ, കര ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ബെയ്ത് ലാഹിയ, ജബാലിയ, ബെയ്ത് ഹനൂൻ നഗരങ്ങള്‍ നിരന്തരമായ ആക്രമണങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകണമെന്ന ഇസ്രയേലിന്‍റെ മുന്നറയിപ്പ് അവഗണിച്ച് നിരവധി പേരാണ് ഇപ്പോഴും ഇവിടങ്ങളില്‍ തങ്ങുന്നത്.
Also Read: യുഎസ് തെരഞ്ഞെടുപ്പ് ദിനം നവംബറിലെ ആദ്യ ചൊവ്വാഴ്ച ആയതെങ്ങനെ?
അതേസമയം, ഹമാസ് പോരാളികള്‍ സംഘം ചേരുന്നത് ഒഴിവാക്കാന്‍ ലക്ഷ്യംവച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ അവകാശവാദം. ഇതിനായി വടക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ ഉപരോധം തുടരുകയാണ്. മാനുഷിക സഹായങ്ങള്‍ എത്തിക്കുന്ന ശരാശരി 30 ട്രക്കുകൾ മാത്രമാണ് ഇപ്പോള്‍ ഗാസ സ്ട്രിപ്പിലേക്ക് പ്രതിദിനം ഇസ്രയേല്‍ കടത്തിവിടുന്നത്. യുദ്ധത്തിന് മുമ്പ് ഗാസ സ്ട്രിപ്പിലേക്ക് അനുവദിച്ച സപ്ലൈസിൻ്റെ ആറ് ശതമാനം മാത്രമാണിത്.
2023 ഒക്ടോബർ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ യുഎന്‍ആർഡബ്ലൂഎയുടെ സ്റ്റാഫുകളും പങ്കാളികളായിരുന്നു എന്ന് ആരോപിച്ച് ഏജന്‍സിയുമായുള്ള കരാർ അവസാനിപ്പിച്ചതായി ഐക്യരാഷ്ട്ര സഭയെ അനൗദ്യോഗികമായി ഇസ്രയേല്‍ അറിയിച്ചിരുന്നു. ഇസ്രയേലിൻ്റെ തീരുമാനം ഗാസയിലെക്കുള്ള സഹായത്തിൻ്റെ ഒഴുക്ക് തടസപ്പെടുത്തുമെന്നായിരുന്നു ഏജൻസിയുടെ പ്രതികരണം.
Also Read: ഹിസ്ബുള്ള കമാൻഡർ അബു അലി റിദയെ ലെബനനിൽ വെച്ച് വധിച്ചെന്ന് ഇസ്രയേൽ സൈന്യം
2023 ഒക്ടോബർ ഏഴിനു ശേഷം ഗാസയില്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 43,373 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 102,261 പേർക്ക് പരുക്കേറ്റു. ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ 1,139 പേരാണ് കൊല്ലപ്പെട്ടത്. 200ലധികം പേരാണ് ഹമാസിന്‍റെ ബന്ദികളായത്.