ആശുപത്രിയിലെ 30 മെഡിക്കല്‍ സ്റ്റാഫുകളെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു
വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയിലെ കെട്ടിടങ്ങള്‍ക്കു നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 10 പേർ കൊല്ലപ്പെട്ടു. അഭയാർഥികള്‍ താമസിച്ച കെട്ടിടത്തിനു നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്തെ വീടുകള്‍ക്ക് നേരെ ഇസ്രയേല്‍ ഫൈറ്റർ ജെറ്റുകള്‍ നടത്തിയ ബോംബിങ്ങില്‍ 35 പേർ കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
വടക്കന്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. മൂന്ന് ആഴ്ചയായി തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ വടക്കന്‍ ഗാസയിലെ ജബാലിയ, ബെയ്ത് ഹനൗണ്‍, ബെയ്ത് ലാഹിയ എന്നീ പട്ടണങ്ങളില്‍ ഇതുവരെ 800ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. അഭയാർഥികള്‍ താമസിക്കുന്ന വീടുകളാണ് ഇസ്രയേലിന്‍റെ സൈനികനീക്കങ്ങളില്‍ തകരുന്നത്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇത്തരം ആക്രമണങ്ങള്‍ എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം.
Also Read: ഇറാനെതിരായ ഇസ്രയേല്‍ ആക്രമണം: ആശങ്ക പ്രകടിപ്പിച്ച് യുഎഇ
അതേസമയം, വടക്കൻ ഗാസയിലെ പ്രധാന ആശുപത്രിയായ കമാൽ അദ്‌വാൻ ആശുപത്രി ആക്രമിച്ച ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. ആശുപത്രിയിലെ 30 മെഡിക്കല്‍ സ്റ്റാഫുകളെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച സൈന്യം കടന്നു വരുമ്പോള്‍ രോഗികളും അവരോടൊപ്പം വന്നവരും അടക്കം 600ലധികം ആളുകളാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രിയിലെ 70 അംഗ സംഘത്തിൽ 44 പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. ആശുപത്രി ഡയറക്ടർ ഹുസാം അബു സഫിയ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തവരിൽ 14 പേരെ പിന്നീട് വിട്ടയച്ചതായാണ് റിപ്പോർട്ട്. ആശുപത്രിയുടെ ഫാർമസിയും മറ്റ് സംവിധാനങ്ങളും സൈന്യം തകർത്തു. ഇതോടെ വടക്കന്‍ ഗാസയിലെ പ്രധാന ആശുപത്രിയുടെ പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്.
2023 ഒക്ടോബർ 7 മുതലുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കുറഞ്ഞത് 42,847 പേർ കൊല്ലപ്പെടുകയും 100,544 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിനു തിരിച്ചടി എന്ന നിലയിലാണ് ഇസ്രയേല്‍ പ്രത്യാക്രമണം തുടങ്ങിയത്. ഹമാസിൻ്റെ ആക്രമണത്തില്‍ 1,139 പേർ കൊല്ലപ്പെടുകയും 200ല്‍ അധികം പേർ ബന്ദികളാകുകയും ചെയ്തിരുന്നു.