ടൂറിസ്റ്റ് മേഖലകളിലെ ഹോട്ടൽ ജീവനക്കാരോട് ലീവ് എടുക്കണമെന്നാണ് ഉടമകൾക്ക് പറയാനുള്ളത്
ഇസ്രയേൽ, ഗാസ, ലെബനനൻ സംഘർഷങ്ങളെ തുടർന്ന് മേഖലയിലെ ടൂറിസം വ്യവസായം നഷ്ടത്തിലായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന രാജ്യമായ ജോർദാനിലെയും സ്ഥിതി മറ്റൊന്നല്ല. ജോർദാനിലെ ജനകീയ ടൂറിസ്റ്റ് സ്പോട്ടുകളിലുൾപ്പടെ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ടൂറിസ്റ്റ് മേഖലകളിലെ ഹോട്ടൽ ജീവനക്കാരോട് അവധിയിൽ പോകണമെന്നാണ് ഉടമകൾക്ക് പറയാനുള്ളത്. പ്രതിവർഷം പത്ത് ലക്ഷത്തോളം സന്ദർശകർ എത്തിയിരുന്നിടത്താണ് ഈ ഇടിവ് രേഖപ്പെടുത്തുന്നത്.
ജോർദാനിലെ പെട്ര, വാഡി റാമിലേക്കും ജോർദാൻ പൈതൃകം പേറുന്ന കോട്ടകളിലേക്കുമാണ് പ്രധാനമായും അമേരിക്കൻ, യൂറോപ്യൻ സന്ദർശകർ എത്തിയിരുന്നത്. എന്നാൽ ഒക്ടോബർ ഏഴോടെ ഇതെല്ലാം തകർന്നു. ടൂറിസം വ്യവസായത്തിൽ സംഭവിക്കുന്ന നഷ്ടത്തിൻ്റെ കഥകളാണ് ഹോട്ടൽ, ബിസിനസ് ഉടമകൾക്കും ടൂർ ഓപ്പറേറ്റർമാർക്കും പറയാനുള്ളത്. കഴിഞ്ഞ വർഷം സമ്പദ്ഘടനയിൽ 12.5 ശതമാനം വരുമാനം കൊണ്ടുവന്ന വ്യവസായമാണിന്ന് തകർച്ചയിലേക്ക് നീങ്ങുന്നത്.
ALSO READ: ഗാസയിൽ രണ്ട് ദിവസത്തെ വെടിനിർത്തൽ; നിർദേശവുമായി ഈജിപ്ത്
ജോർദാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങുകളിലും ഇടിവ് സംഭവിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും വഷളായി. ഇസ്രയേലിലേക്കും ലെബനനിലേക്കും വരുന്ന സന്ദർശകരുടെ എണ്ണത്തിലും വലിയ ഇടിവ് സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഒമാൻ, സൗദി അറേബ്യ, ബെഹറൈൻ തുടങ്ങിയ രാജ്യങ്ങളിലേയും സന്ദർശകരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസിലും ഈ കുറവ് കാണാനാകും.