പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി, ഏകപക്ഷീയമായി ജില്ലാ പ്രസിഡൻ്റിനെ തെരഞ്ഞെടുത്തുവെന്നാണ് ഇവരുടെ ആക്ഷേപം
പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നീക്കത്തിൽ പ്രതിഷേധിച്ച് വിമത വിഭാഗത്തിലെ ആറ് കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ചു. എന്നാൽ പാർട്ടി വിടില്ലെന്നായിരുന്നു ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജന്റെ പ്രതികരണം.
പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡൻ്റാക്കാനുളള നീക്കത്തിൽ പ്രതിഷേധിച്ചാണ് വിമതർ യോഗം ചേർന്നത്. കൃഷ്ണകുമാർ പക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് വിമത യോഗത്തിലുണ്ടായത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി, ഏകപക്ഷീയമായി ജില്ലാ പ്രസിഡൻ്റിനെ തെരഞ്ഞെടുത്തുവെന്നാണ് ഇവരുടെ ആക്ഷേപം.
പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ, കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തിലെ ആറ് കൗൺസിലർമാരുമുണ്ടായിരുന്നു. പ്രശാന്ത് ശിവനെ സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കിൽ രാജി വെക്കുമെന്നാണ് ഇവരുടെ ഭീഷണി. പാർട്ടിക്ക് രാജി കത്ത് നൽകുമെന്നും ഇവർ അറിയിച്ചു.
ഭരണം നഷ്ടമായാലും പ്രശ്നമില്ലെന്നാണ് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരന്റെ നിലപാട്. പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ചെയർപേഴ്സൺ, തങ്ങളാണ് ഔദ്യോഗിക പക്ഷമെന്നും കൂട്ടിച്ചേർത്തു. ഇന്ന് വൈകുന്നേരം വരെ കാത്തിനിൽക്കും. തീരുമാനം മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്നും ഇവർ തറപ്പിച്ചുപറഞ്ഞു.