കശ്മീരില്‍ ഉദിച്ചുയര്‍ന്ന പാര്‍ട്ടിയെന്ന നിലയില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പരീക്ഷണമാണ്.
മെഹ്ബൂബ മുഫ്തി
ഒരു പതിറ്റാണ്ടിനുശേഷമാണ് ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്. പ്രത്യേക പദവി നീക്കിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ താഴ്‌വരയുടെ ജനഹിതം ആര്‍ക്കൊപ്പമാകുമെന്ന് പ്രവചിക്കുക അസാധ്യം. എന്നാല്‍, കശ്മീരില്‍ ഉദിച്ചുയര്‍ന്ന പാര്‍ട്ടിയെന്ന നിലയില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പരീക്ഷണമാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം ഭരണത്തിലിരുന്ന ചരിത്രമുള്ള പിഡിപി പഴയ രാഷ്ട്രീയ തലയെടുപ്പൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
1999ലായിരുന്നു പിഡിപിയുടെ പിറവി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി രൂപീകരിച്ചത്. രണ്ടു വർഷങ്ങള്‍ക്കിപ്പുറം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പായിരുന്നു മുഫ്തിയുടെ ലക്ഷ്യം. 2002 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളില്‍ നാലു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ താഴ്‌വരയില്‍ പിറവിയെടുത്ത മറ്റൊരു പാര്‍ട്ടിയായിരുന്നു, നാഷണല്‍ കോണ്‍ഫറന്‍സ്. പിഡിപിയുടെ രാഷ്ട്രീയ തുടക്കം മോശമായിരുന്നില്ല. 87 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ അവര്‍ സ്വന്തമാക്കി. അതേസമയം, മുന്‍ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകളുണ്ടായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേട്ടം 28 സീറ്റിലേക്ക് ഒതുങ്ങി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 20, സ്വതന്ത്രര്‍ 13, ജമ്മു കശ്മീര്‍ പാന്തേഴ്സ് പാര്‍ട്ടി 4, സിപിഎം 2, ബിജെപി, ബിഎസ്‌പി, ഡെമോക്രാറ്റിക് മൂവ്മെന്റ്, ജമ്മു കശ്മീര്‍ അവാമി ലീഗ് എന്നിവര്‍ക്ക് ഓരോ സീറ്റ് വീതവും കിട്ടി. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് കന്നി തെരഞ്ഞെടുപ്പില്‍ തന്നെ പിഡിപി അധികാരത്തിലെത്തി, മുഖ്യമന്ത്രി പദത്തില്‍ മുഫ്തി മുഹമ്മദ് സയീദും.
കശ്മീര്‍ താഴ്‌വരയെ തങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് പാകപ്പെടുത്തുന്നതില്‍ പിഡിപി പിന്നാക്കം പോയില്ല. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും പിഡിപിക്ക് പ്രതിനിധികളുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തില്‍ പിഡിപി പങ്കാളികളായി. പക്ഷേ, 2008 എത്തുമ്പോഴേക്കും കോണ്‍ഗ്രസുമായുള്ള സഖ്യം പിഡിപി അവസാനിപ്പിച്ചു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ പിഡിപിയുടെ സീറ്റ് നേട്ടം 21 ആയി ഉയര്‍ന്നെങ്കിലും ഭരണം തിരിച്ചുപിടിക്കാനുള്ള മാന്ത്രികസംഖ്യ ഒത്തില്ല. 28 സീറ്റുകള്‍ നേടിയ നാഷണല്‍ കോണ്‍ഫറന്‍സ് 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. 38 വയസിലെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന ഖ്യാതിയുമായി ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ നയിച്ചു. ബിജെപി സീറ്റ് നേട്ടം പത്തായി ഉയര്‍ത്തിയെന്നതായിരുന്നു ആ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മാറ്റം.
2014 തെരഞ്ഞെടുപ്പ് പിഡിപിയുടെ മറ്റൊരു രാഷ്ട്രീയ നീക്കത്തിനും കൂടിയാണ് സാക്ഷിയായത്. 28 സീറ്റുകള്‍ നേടി പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 25 സീറ്റുമായി ബിജെപി രണ്ടാമതെത്തി. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കൂടി നേടിയത് 15 സീറ്റുകള്‍ മാത്രം. 2014 ഡിസംബറില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചെങ്കിലും, രണ്ട് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ 2015 മാര്‍ച്ചിലാണ് പിഡിപി-ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയായത്. ബിജെപിയുമായി ചേര്‍ന്ന് പിഡിപി ഭരണം തിരിച്ചുപിടിച്ചു. മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തി. ബിജെപിയുടെ നിര്‍മല്‍ കുമാര്‍ സിംഗ് ഉപ മുഖ്യമന്ത്രിയുമായി. 2016ല്‍ മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തെത്തുടര്‍ന്ന് മെഹ്ബൂബ മുഫ്തി ഉപതെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രി കസേരയിലെത്തി. പക്ഷേ, ആ സഖ്യ സര്‍ക്കാരും കാലാവധി തികച്ചില്ല. 2018 ജൂൺ 19ന് ബിജെപി പിന്തുണ പിന്‍വലിച്ചതോടെ, സര്‍ക്കാര്‍ നിലംപതിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സർക്കാർ അനുച്ഛേദം 370 റദ്ദാക്കി. അതോടെ, 2014 ജമ്മു കശ്മീരിലെ അവസാന തെരഞ്ഞെടുപ്പ് വര്‍ഷമായി.
വളരെ സങ്കീര്‍ണമായ രാഷ്ട്രീയ പരിതസ്ഥിതിയിലേക്ക് പിറവികൊണ്ട രാഷ്ട്രീയ കക്ഷിയാണ് പിഡിപി. 2000ല്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള ജമ്മുവിന് സ്വയംഭരണം നൽകണമെന്ന പ്രമേയത്തിന് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനം അന്ന് രാജ്യം ഭരിച്ചിരുന്ന വാജ്‌പേയ് സർക്കാരിനെ ഞെട്ടിച്ചു. പ്രതിരോധം, വിദേശകാര്യം, കറൻസി, ആശയവിനിമയം എന്നിവയൊഴികെ ഭരണകാര്യങ്ങളില്‍ ജമ്മുവിന് പൂർണ അധികാരം നൽകുന്നതായിരുന്നു പ്രമേയം. അടുത്ത തെരഞ്ഞെടുപ്പിൽ ഫാറൂഖിനെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കില്ലെന്ന് ഒരു വിഭാഗം തീരുമാനിച്ചു. ഈ ഉറപ്പായിരുന്നു പിഡിപിയുടെ രൂപീകരണത്തിന് വിത്ത് പാകിയത്.
സഖ്യ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലാണ് പിഡിപി രണ്ട് തവണ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം ചോദ്യങ്ങളുയര്‍ത്തിയില്ലെങ്കിലും, ബിജെപിയെ കുട്ടൂപിടിച്ച രാഷ്ട്രീയ നീക്കം പിഡിപിക്ക് തിരിച്ചടിയായി. ബിജെപിയുടെ പിന്തുണ നഷ്ടപ്പെട്ട് ഭരണം പോയതിനു പിന്നാലെ, അനുച്ഛേദം 370 നിരോധനത്തിൽ സ്വീകരിച്ച മൃദുനിലപാടും പിഡിപിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. 2019ല്‍, പഴയ നിയമസഭാംഗങ്ങള്‍ ഉള്‍പ്പെടെ 40 പേരാണ് പാര്‍ട്ടി വിട്ടത്. ഏറെപ്പേരും അൽത്താഫ് ബുഖാരി രൂപീകരിച്ച അപ്നി പാർട്ടിക്കൊപ്പമാണ്.
ശക്തമായ പാര്‍ട്ടി സംവിധാനമോ, നേതാക്കളോ ഇല്ലാതെയാണ് അവര്‍ പുതിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. അനുച്ഛേദം 370 നീക്കിയ നയങ്ങളോട് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പോലെ പിഡിപിയും പൊരുത്തപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ എന്തായിരിക്കുമെന്ന സന്ദേഹം പലകോണുകളില്‍നിന്ന് ഉയര്‍ന്നുവരുന്നുമുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ കാലങ്ങളില്‍ മെഹ്ബൂബ മുഫ്തി ബിജെപിക്കെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. പക്ഷേ, ബിജെപിയും സഖ്യ കക്ഷികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ പരാജയപ്പെടുത്തി പിഡിപിയും മെഹ്ബൂബയും അധികാരമേറണമെങ്കില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കണം.