സി. കൃഷ്ണകുമാറിനോടുള്ള എതിര്‍പ്പാണ് വോട്ട് കുറയാന്‍ കാരണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ബിജെപി ഭരിക്കുന്ന നഗരസഭയുടെ മോശം പ്രവര്‍ത്തനമാണ് ജനങ്ങള്‍ അകലാന്‍ കാരണമെന്ന് മറുവിഭാഗവും പറയുന്നു
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ചോര്‍ച്ചയുടെ കാരണത്തെച്ചൊല്ലിയും വിവാദം. സ്ഥാനാര്‍ഥിയായ സി. കൃഷ്ണകുമാറിനോടുള്ള എതിര്‍പ്പാണ് വോട്ട് കുറയാന്‍ കാരണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ബിജെപി ഭരിക്കുന്ന നഗരസഭയുടെ മോശം പ്രവര്‍ത്തനമാണ് ജനങ്ങള്‍ അകലാന്‍ കാരണമെന്ന് മറുവിഭാഗവും പറയുന്നു. ഇതിന് പുറമെ മുതിര്‍ന്ന നേതാക്കളെ പ്രചാരണത്തിനായി പ്രയോജനപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി ബിജെപി ഭരിക്കുന്ന നഗരസഭയില്‍ പല പദ്ധതികളും മുടങ്ങി കിടക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ നടത്തിയ പ്രചാരണം തിരിച്ചടിയായെന്ന് സി. കൃഷ്ണകുമാര്‍ പറയുന്നു.
എന്നാല്‍ സ്വയം വിമര്‍ശനം നടത്താതെ രക്ഷപ്പെടാനുള്ള തന്ത്രമാണ് കൃഷ്ണകുമാര്‍ നടത്തുന്നത് എന്നാണ് മറുവിഭാഗം പറയുന്നത്. നഗരസഭയുടെ ഭരണം മെച്ചപ്പെടുത്താനുള്ള ഒരു ഇടപെടലും സംസ്ഥാന നേതൃത്വം ചെയ്തില്ലെന്നും ആരോപണമുണ്ട്. നഗരസഭക്കെതിരെ എതിര്‍പ്പുണ്ടെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 43,000 വോട്ട് എങ്ങനെ ലഭിച്ചുവെന്നും ഇവര്‍ ചോദിക്കുന്നു. ഇതിനു പുറമെ എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് ഉള്‍പ്പടെയുള്ള നേതാക്കളെ വേണ്ട വിധം പ്രചാരണ രംഗത്ത് ഉപയോഗിച്ചില്ലെന്നും കൃഷ്ണകുമാര്‍ വിരുദ്ധ വിഭാഗം പറയുന്നു.
തൃശൂര്‍ എംപി സുരേഷ് ഗോപിയെ ഒരു ദിവസം മാത്രമാണ് പ്രചാരണത്തിനായി കൊണ്ടുവന്നത്. സുരേഷ് ഗോപിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റോഡ് ഷോകള്‍ നടത്താത്തതിലും വിമര്‍ശനമുണ്ട്. എന്തായാലും വോട്ട് ചോര്‍ച്ചയുടെ കാരണത്തെ ചൊല്ലി തര്‍ക്കം മുറുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത നഗരസഭ തെരഞ്ഞെടുപ്പിലും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.