ശിക്ഷ 14 വർഷം പൂർത്തീകരിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിസഭയുടെ തീരുമാനം
ഷെറിന്‍
ചെങ്ങന്നൂർ ഭാസ്ക്കരക്കാരണവർ വധക്കേസ് പ്രതി ഷെറിൻ്റെ മോചനത്തിൽ വിവാദം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനം മുൻഗണനകൾ ലംഘിച്ചെന്നാണ് ആക്ഷേപം. 20 വർഷം തടവ് അനുഭവിച്ചവരെയും പിന്തള്ളിയാണ് നീക്കമെന്നാണ് ആരോപണം. 2024 ആഗസ്റ്റ് 8 നാണ് ശിക്ഷാ ഇളവ് ശുപാർശ ചെയ്തത്. ആഭ്യന്തര വകുപ്പ് വഴി ശുപാർശ മന്ത്രിസഭയ്ക്ക് മുമ്പിലെത്തിയത് അഞ്ച് മാസം കൊണ്ടാണ്. ജയിലുകളിൽ ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ അവഗണിച്ചെന്നും ആക്ഷേപം ഉയരുന്നുണ്ട്. ശിക്ഷ 14 വർഷം പൂർത്തീകരിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
2009 നവംബർ ഏഴിനാണ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്ക്കരക്കാരണവരെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാര്യ ഷെറിൻ കൊലപ്പെടുത്തിയത്. 2001ലാണ് ഇവർ വിവാഹിതരായത്. ഷെറിനെ സ്വത്തുകളുടെ ഉടമസ്ഥാവകാശത്തിൽ നിന്നും ഒഴിവാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷെറിനും സുഹൃത്ത് ബാസിത് അലിയും മറ്റ് രണ്ട് പ്രതികളും ചേർന്നാണ് കൊലപാതകം നടത്തിയത്. ഷെറിനാണ് കേസിൽ ഒന്നാം പ്രതി. ബാസിത് രണ്ടാം പ്രതിയും. സാമൂഹിക മാധ്യമമായ ഓർക്കുട്ട് വഴിയാണ് ഷെറിൻ ഇയാളുമായുള്ള സൗഹൃദം സ്ഥാപിച്ചത്.
ഷെറിന്റെ പുരുഷ സൗഹൃദങ്ങളും ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും പുറത്തുവന്നതോടെയാണ് ഷെറിന് വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവർ പുതിയ ധനനിശ്ചയാധാരം തയ്യാറാക്കിയത്. കൂടാതെ ഷെറിന്റെ പണമിടപാടുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും കാരണവർ ശ്രമിച്ചു. ഇതോടെ ഷെറിൻ കടം വാങ്ങാൻ തുടങ്ങി. ആ കടങ്ങളെല്ലാം ഭർതൃപിതാവെന്ന നിലയില്‍ ഭാസ്ക്കരക്കാരണവരാണ് വീട്ടിയത്. രണ്ടാം പ്രതി ബാസിത് അലിയും സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിൻ എന്നിവരും ചേർന്നാണ് കൊലപാതകം നടത്തിയത്.
കേസിൽ ഷെറിൻ നൽകിയ മൊഴി തന്നെയാണ് വഴിത്തിരിവായത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ വീടിന്റെ മുകൾനിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും ഷെറിന്‍ തന്നെയാണ് മൊഴി നൽകിയത്. എന്നാൽ ഒരു ഏണിയില്ലാതെ ഒരാൾക്ക് അതിന് മുകളിൽ കയറി നിൽക്കാൻ കഴിയില്ലായിരുന്നു. ഇതിനിടെ ഷെറിന്റെ ഫോൺ ലിസ്റ്റ് പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഈ കോളുകൾ എത്തിയിരുന്നത്. ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കണ്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു. ഒരുമിച്ച് ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയും. ഇതിനിടെയായിരുന്നു ആസൂത്രിത കൊലപാതകം.